india

ദളിത് ബാലനെ കൊണ്ട് കാല് നക്കിച്ചു

By Chandrika Web

April 20, 2022

ലക്‌നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ദളിത് വിദ്യാര്‍ത്ഥിയെ മേല്‍ജാതിയില്‍പെട്ടവര്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കാല് നക്കിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

ദളിത് വിദ്യാര്‍ത്ഥിയെക്കൊണ്ട് മേല്‍ജാതിക്കാരന്റെ കാല്‍ നക്കിത്തുടക്കുന്നത് അടക്കമുള്ള രണ്ട് മിനുട്ട്, 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒന്നിലധികം വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മര്‍ദ്ദിനത്തിനിരയായത്. സംഭവം വിവാദമായതോടെ കേസ് രജിസ്റ്റര്‍ ചെയ്തതായും എട്ടുപേരെ അറസ്റ്റു ചെയ്തതായും ജഗത്പൂര്‍ പൊലീസ് വ്യക്തമാക്കി.

ദളിത് യുവാവിനെക്കൊണ്ട് പേര് പറയിക്കുന്നതും പിന്നീട് പ്രതികള്‍ ഇയാളെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുന്നതും പൊട്ടിച്ചിരിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. കൈകള്‍ ചെവിയില്‍ വച്ച് ഏത്തമിടീക്കുന്നതിന്റെയും മേല്‍ജാതിക്കാരന്റെ കാല്‍ നക്കിക്കുന്നതിന്റെയും ക്ലിപ്പുകളാണ് പുറത്തുവന്നത്. മര്‍ദ്ദനത്തിനിരയായ യുവാവിന്റെ പരാതിയെതുടര്‍ന്നാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.

ഏപ്രില്‍ 10നായിരുന്നു കേസിനാസ്പദമായ സംഭവം. പണമിടപാടുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ ദളിത് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും സഹോദരി ഇത് നിഷേധിച്ച് രംഗത്തെത്തി. എന്തിനാണ് മര്‍ദ്ദിച്ചതെന്ന് അറിയില്ലെന്നും സഹോദരനോട് ചോദിച്ചപ്പോള്‍ എന്തിനാണ് മര്‍ദ്ദിച്ചതെന്ന് അറിയില്ലെന്നാണ് അവനും പറഞ്ഞതെന്നായിരുന്നു 19കാരിയായ സഹോദരിയുടെ പ്രതികരണം.

വിധവയായ മാതാവ് കൂലിപ്പണി ചെയ്താണ് മര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥിയും സഹോദരിമാരും അടങ്ങുന്ന കുടുംബം ജീവിതം നയിക്കുന്നതെന്നാണ് വിവരം.