kerala

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവിന്റെ മരണം: ആഡംബരക്കാറിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്തി പൊലീസ്‌

By webdesk13

January 21, 2025

പരസ്യ വിഡിയോ ചിത്രീകരണത്തിനിടെ ആഡംബരക്കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ വാഹനത്തിന്റെ യഥാര്‍ഥ ഉടമയെ പൊലീസ് കണ്ടെത്തി. കോഴിക്കോട് കടലുണ്ടി സ്വദേശി എ കെ നൗഫലിന്റെ ഉടമസ്ഥതയിലാണ് കാര്‍ എന്നാണ് ഒടുവില്‍ കണ്ടെത്തിയത്. അന്വേഷണ റിപ്പോര്‍ട്ടും രേഖകളും അടുത്ത ദിവസം പൊലീസ് കോടതിയില്‍ ഹാജരാക്കും.

നൗഫലിന്റെ ഭാര്യയുടെ അക്കൗണ്ട് വഴിയാണ് പണമിടപാടുകള്‍ നടത്തിയത്. 1.35 കോടി രൂപ കൈമാറി. ഇവരുടെ പേരിലാണ് വില്‍പനക്കരാര്‍ എഴുതിയത്. എന്നാല്‍ പിന്നീട് നൗഫലിന്റെ പേരിലേക്കു മാറ്റിയെന്ന് പൊലീസ് അറിയിച്ചു. നിയമവിരുദ്ധമായി വാഹനം എത്തിച്ച് സംസ്ഥാനത്ത് ഉപയോഗിച്ചതിനാല്‍ നൗഫല്‍ കേസിലെ മൂന്നാം പ്രതിയാകുമെന്നും പൊലീസ് അറിയിച്ചു.

ബീച്ച് റോഡില്‍ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെയാണ് വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്റെയും മകന്‍ ആല്‍വിന്‍ (20) കാറിടിച്ച് മരിച്ചത്. അപകടത്തെ തുടര്‍ന്ന്, കാറുകള്‍ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാന്‍, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാബിദ് റഹ്മാന്റെ ലൈസന്‍സ് ഉള്‍പ്പെടെ സസ്‌പെന്‍ഡ് ചെയ്തു. ഒരു കാര്‍ ആക്‌സസറീസ് സ്ഥാപനത്തിന്റെ പ്രമോഷന്‍ റീല്‍സ് ചിത്രീകരിക്കുമ്പോഴായിരുന്നു ഡിസംബര്‍ പത്തിന് അപകടമുണ്ടായത്.

ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വെള്ളയില്‍ പൊലീസ് യഥാര്‍ഥ ഉടമയെ കണ്ടെത്തിയത്. ഇതിനായി കഴിഞ്ഞയാഴ്ച ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലെത്തി മൂന്നംഗ അന്വേഷണസംഘം വിവരം ശേഖരിച്ചു.

ഹൈദരാബാദ് സ്വദേശി അശ്വിന്‍ ജെയിന്റെ ഉടമസ്ഥതയിലാണ് കാര്‍ എന്നാണ് ആദ്യം വിവരം ലഭിച്ചത്. ആഡംബര കാറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനിയുടേതായിരുന്നു കാര്‍. എന്നാല്‍ ഈ കാര്‍ ഡല്‍ഹിയിലെ കമ്പനിക്ക് വിറ്റു. ഡല്‍ഹിയിലെ കമ്പനിയില്‍ നിന്നാണ് നൗഫല്‍ വാങ്ങിയത്. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിദിന്റെ സുഹൃത്താണ് നൗഫല്‍.