kerala

മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും തീരുമാനമാണ് എല്‍.ഡി.എഫിലെ മറ്റു ഘടകകക്ഷികളുടെ മേല്‍ അടിച്ചേല്‍പിച്ചത്; വി.ഡി. സതീശന്‍

By webdesk18

February 20, 2025

എലപ്പുള്ളിയില്‍ ബ്രൂവറി ആരംഭിക്കാന്‍ ഒരു കാരണവശാലും പ്രതിപക്ഷം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും തീരുമാനമാണ് എല്‍.ഡി.എഫിലെ മറ്റു ഘടകകക്ഷികളുടെ മേല്‍ അടിച്ചേല്‍പിച്ചത്. സാധാരണ സി.പി.ഐയെ എ.കെ.ജി സെന്ററില്‍ വിളിച്ചു വരുത്തിയാണ് അപമാനിക്കാറുള്ളത്. എന്നാല്‍, ബ്രൂവറി വിഷയത്തില്‍ എം.എന്‍ സ്മാരകത്തില്‍ പോയി സി.പി.ഐയെ അപമാനിക്കുകയായിരുന്നു. പ്രതിപക്ഷത്തെ ബോധ്യപ്പെടുത്താന്‍ നടക്കുന്ന എക്സൈസ് മന്ത്രി, ആദ്യം എല്‍.ഡി.എഫിലെ ഘടകകക്ഷികളെ ബോധ്യപ്പെടുത്തട്ടെയെന്നും സതീശന്‍ പറഞ്ഞു.

കമ്പനി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ദിവസേന 80 എം.എല്‍.ഡി വെള്ളം വേണ്ടിവരും. മഴവെള്ള സംഭരണി സ്ഥാപിച്ചാല്‍ ഒരു വര്‍ഷം പരമാവധി 40 ദശലക്ഷം ലിറ്റര്‍ മാത്രമേ ശേഖരിക്കാനാകൂ. അത് കമ്പനിയുടെ ഒരു ദിവസത്തെ ആവശ്യത്തിനുപോലും തികയില്ല. ജല അതോറിറ്റി വെള്ളം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് എക്സൈസ് മന്ത്രി പറഞ്ഞത്.

എന്നാല്‍, കമ്പനിയുമായി അത്തരത്തില്‍ ഒരു ധാരണയുമുണ്ടാക്കിയിട്ടില്ലെന്നാണ് നിയമസഭയില്‍ ജലവിഭവ മന്ത്രി മറുപടി നല്‍കിയത്. തെറ്റായ വഴികളിലൂടെ കമ്പനി വന്നതുകൊണ്ടാണ് ജലത്തിന്റെ പ്രശ്നമുള്‍പ്പെടെ അവഗണിച്ച് മദ്യനിര്‍മാണശാലക്ക് അനുമതി നല്‍കിയതെന്നും വി.ഡി. സതീശന്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.