gulf

ഡിഫ ചാമ്പ്യൻസ് ലീഗിന് വെള്ളിയാഴ്ച്ച തുടക്കം കുറിക്കും

By sreenitha

January 07, 2026

ദമാം : സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി ഫുട്‍ബോൾ ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ (ഡിഫ) സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഗിന് ജനുവരി 09 ന് തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിഫയിൽ രജിസ്റ്റർ ചെയ്യപ്പെട്ട 24 ടീമുകൾ പങ്കെടുക്കുന്ന ലീഗ് ടൂർണമെന്റിന് ദമാം വിന്നേഴ്‌സ് സ്റ്റേഡിയമാണ് മത്സര വേദി. മേളയുടെ ഔദ്യോഗിക കിക്കോഫ് കായിക-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയോടെ ജനുവരി 16ന് നടക്കും.

ബിസിനസ് രംഗത്തെ പ്രമുഖരായഎച്.എം.ആർ കമ്പനി ലിമിറ്റഡാണ് മേളയുടെ മുഖ്യ പ്രായോജകർ. ഡിഫക്ക് കീഴിൽ രണ്ട് വർഷത്തോളമായി നടന്ന് വന്ന ടൂര്ണമെന്റുകളിലെ ടീമുകളുടെ പോയന്റിനെ അടിസ്ഥാനമാക്കി എ,ബി,സി എന്നീ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് ലീഗ് അടിസ്ഥാനത്തിലാണ് ചാമ്പ്യൻസ് ലീഗ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വിശദീകരിച്ചു. മൂന്ന് ഗ്രുപ്പുകളിൽ നിന്നുമായി മൂന്ന് ചാമ്പ്യന്മാരെ ഫൈനൽ മത്സരത്തിലൂടെ നിശ്ചയിക്കും. 45 മത്സരങ്ങളുള്ള ടൂർണമെന്റ് മെയ് അവസാന വാരം വരെ നീണ്ടുനിൽക്കും. റമദാനിൽ മത്സരങ്ങൾ ഉണ്ടായിരിക്കില്ല. വിജയികൾക്ക് ട്രോഫിയും കാശ് അവാർഡും സമ്മാനിക്കും. ടൂർണമെന്റിന്റെ ഭാഗമായി വിവിധ കലാ സാംസ്ക്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

ഡിഫയിൽ രജിസ്റ്റർ ചെയ്ത കളിക്കാർക്ക് മാത്രമാണ് ടൂർണമെന്റിൽ പങ്കെടുക്കുവാൻ സാധിക്കുക. ഇതാദ്യമായാണ് ഡിഫക്ക് കീഴിൽ ലീഗ് ഫുട്‍ബോൾ മേള സംഘടിപ്പിക്കപ്പെടുന്നത്. ദമാമിലെ കാൽപന്ത് സംഘാടനത്തിന് ഏകീക്യത വേദിയെന്ന രൂപത്തിൽ 2009 ജനുവരി 08ന് പിറവി കൊണ്ട ഡിഫ പ്രശംസനീയമായ പ്രവർത്തനങ്ങളിലൂടെയാണ് പതിനേഴാം വർഷത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ഡിഫ സാരഥികൾ പറഞ്ഞു. 24 ക്ലബുകൾ രജിസ്റ്റർ ചെയ്യപ്പെട്ട ഡിഫയിൽ ആയിരത്തിൽ പരം പ്രൊഫഷണൽ കളിക്കാരുണ്ട്. ഇടവേളകളില്ലാതെ ടൂര്ണമെന്റുകൾക്ക് വേദിയാവുന്ന പ്രവാസ ലോകത്തെ ഒരിടമാണ് ദമാം.

പ്രവാസികളിൽ കായിക അവബോധം ഉണ്ടാക്കിയെടുക്കുകയും ഫുട്‍ബോൾ വികാസത്തിനായി നിരവധി പ്രവർത്തന പരിപാടികളും, ഒപ്പം മറുകൈ അറിയാതെയുള്ള നിരവധി ജീവ കാരുണ്ണ്യ പ്രവർത്തനങ്ങളും ഡിഫക്ക് കീഴിൽ സംഘടിപ്പിച്ച് വരുന്നുണ്ടെന്ന് സംഘാടകർ വിശദീകരിച്ചു. ക്ലബുകൾക്ക് കീഴിലുള്ള കുട്ടികൾക്കായുള്ള അക്കാദമികളും നിസ്തുലമായ പ്രവർത്തനങ്ങളാണ് കാഴ്ച്ച വെക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഡിഫ പ്രസിഡന്റും ടൂർണമെന്റ് കമ്മറ്റി ചെയർമാനുമായ ഷമീർ കൊടിയത്തൂർ, ജനറൽ കൺവീനർ മുജീബ് കളത്തിൽ, ജനറൽ സെക്രട്ടറി റഷീദ് മാളിയേക്കൽ, ട്രഷറർ ജുനൈദ് നീലേശ്വരം, മീഡിയ കോഡിനേറ്റർ ആസിഫ് മേലങ്ങാടി എന്നിവർ പങ്കെടുത്തു.