കൊല്‍ക്കത്ത: നിരവധി ബോളിവുഡ് സിനിമകളില്‍ വേഷമിട്ട ബംഗാളി നടി ആര്യാ ബാനര്‍ജി (33) മരിച്ച നിലയില്‍. ദക്ഷിണ കൊല്‍ക്കത്തയിലെ അപ്പാര്‍ട്‌മെന്റില്‍ വെള്ളിയാഴ്ചയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അപ്പാര്‍ട്‌മെന്റിന്റെ മൂന്നാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് പൂട്ടു തുറന്നാണ് വീട്ടിനുള്ളിലേക്ക് കയറിയത്. മൃതദേഹം പോസ്റ്റ്‌മോട്ടത്തിന് അയച്ചു.

പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നും പൊലീസ് വ്യക്തമാക്കി.

ആപ്പിലൂടെയാണ് ഇവര്‍ ഭക്ഷണം വരുത്തിയിരുന്നത്. വളര്‍ത്തു നായ മാത്രമാണ് വീട്ടില്‍ കൂട്ടിനുണ്ടായിരുന്നത്. അടുത്തുള്ള ആരുമായും നല്ല പരിചയത്തില്‍ അല്ല എന്നാണ് അയല്‍ക്കാര്‍ പറയുന്നത്. ആരെങ്കിലും വീട്ടില്‍ വന്നിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്. ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങളും പരിശോധിക്കും- പൊലീസ് അറിയിച്ചു.

2011ല്‍ പുറത്തിറങ്ങിയ ഡേട്ടി പിക്ചര്‍ ആണ് ആര്യയുടെ ശ്രദ്ധേയമായ ചിത്രം. എല്‍എസ്ഡി: ലവ് സെക്‌സ് ഔര്‍ ദോക എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.