മുഖ്യമന്ത്രി പിണറായി വിജയന്‍ എപ്പോഴൊക്കെ പ്രതിസന്ധിയിലാകുന്നുവോ അപ്പോഴൊക്കെ ഇ.ഡി രക്ഷക്കെത്തുമെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവന അച്ചട്ടായിമാറിയ അന്തര്‍ നാടകങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോര്‍ക്കളത്തില്‍, വികസനമുരടിപ്പും അഴിമതിയും കെടു കാര്യസ്ഥതയും കാരണം പൊറുതിമുട്ടുന്ന പിണറായി സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാനുള്ള കഠിന പരിശ്രമത്തിലാണ്. വിലക്കയറ്റവും ആരോഗ്യ മേഖലയുടെ തകര്‍ച്ചയും പി.എം ശ്രീയും ശബരിമലയുമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജനങ്ങള്‍ സഗൗരവത്തോടെയാണ് ചര്‍ച്ചകള്‍ക്ക് വിഷയീഭവിപ്പിച്ചുകൊണ്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നടത്തിയിട്ടുള്ള പ്രഖ്യാപനപ്പെരുമഴപോലും അവര്‍ അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ അവസരത്തിലാണ് ഇ.ഡി നോട്ടീസ് എന്ന ഉമ്മാക്കിയുമായി ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ മുതലെടുപ്പിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കിഫ്ബി മസാലബോണ്ട് ഇടപാടിലാണ് മുഖ്യമന്ത്രിക്ക് എന്‍ഫോഴ്‌സസ്‌മെന്റ്‌റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മുന്‍ മന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്. കിഫ്ബി ചെയര്‍മാന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന വികസന പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് നോട്ടീസില്‍ പറയുന്നത്. 2019 ല്‍ 9.72 ശതമാനം പലിശയിലായിരുന്നു ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി മസാല ബോണ്ട് ഇറക്കി രണ്ടായിരത്തിലധികം കോടി സമാഹരിച്ചത്.
ഇ.ഡി നോട്ടീസിനു പിന്നാലെ പിണറായി വിജയന് പാര്‍ട്ടിയും സര്‍ക്കാറും ഒരുപോലെ നല്‍കിക്കൊണ്ടിരിക്കുന്ന വിരപരിവേശം തന്നെമതി ഈ അന്തര്‍നാടകത്തിന്റെ ചുരുളഴിക്കാന്‍. എല്ലാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നെയും മുഖ്യ മന്ത്രിക്ക് ഇ.ഡി നോട്ടീസ് വരാറുണ്ടെന്നും ഇത്തവണ എന്തേ വരാത്തത് എന്ന് നോക്കിയിരിക്കുകയായിരുന്നുവെന്നുമാണ് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രി പി. രാജീവും പ്രതികരിച്ചിരിക്കുന്നത്. ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ കാലത്ത് നടന്നിട്ടുള്ള കേന്ദ്ര ഏജന്‍സികളുടെ കീഴിലുള്ള അന്വേഷണങ്ങളുടെ ജാതകം പരിശോധിക്കുമ്പോഴും ഈ യാഥാര്‍ത്ഥ്യം തെളിഞ്ഞുവരും. ഇ.ഡി.യും സി.ബി.ഐയും ഉള്‍പ്പെടെ അരഡസനോളം അന്വേഷണ ഏജന്‍സികള്‍ സെക്രട്ടറിയേറ്റിനുമുകളിലൂടെ വട്ടമിട്ടുപറക്കുന്ന കാഴ്ച്ചയായിരുന്നു ഒന്നാംപിണറായി സര്‍ക്കാറിന്റെ അവസാനകാലത്ത് കേരളം ദര്‍ശിച്ചിരുന്നത്. എന്നാല്‍ സ്ഫടികസമാനം തെളിമയുള്ള തെളിവുകളുടെ കുത്തൊഴുക്ക് തന്നെയുണ്ടായിട്ടും അതൊന്നും പിണറായി വിജയനിലേക്കെത്തിയില്ലെന്നത് അന്തര്‍ധാരയുടെ ആഴവും പരപ്പുമാണ് അടയാളപ്പെടുത്തിയത്. നയത ചാനല്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍ അറസ്റ്റിലായിട്ടും കേന്ദ്ര ഏജന്‍സികള്‍ ഒരുഘട്ടത്തില്‍ പോലും സെക്ര ട്ടറിയേറ്റിലേക്കോ ക്ലിഫ് ഹൗസിലേക്കോ അന്വേഷണവുമായി എത്തിയിട്ടില്ല. സ്വര്‍ണക്കടത്തിലാകട്ടേ എന്‍.ഐ.എ അന്വേഷണവും തുടങ്ങിയിരുന്നു. അത് എവിടെയെത്തിയെന്ന് ഇനിയും വ്യക്തമല്ല. ക്ലിഫ് ഹൗസില്‍ കേന്ദ്ര ഏജന്‍സിയുടെ നോട്ടീസ് ലഭിക്കാത്തത് മുഖ്യമന്ത്രിയുടെ ഭാര്യ കമലക്ക് മാത്രമാണ്. രണ്ട് മക്കളും ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചവരാണ്.
മകള്‍ വീണ ഒന്നിലധികം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണപരിധിയിലാണ്. വീണയുടെ കമ്പനിയായ എക്സാലോജിക്‌സുമായി ബന്ധപ്പെട്ടാണ് കേസുകള്‍. കരിമണല്‍ കമ്പനി യായ സി.എം.ആര്‍.എല്ലില്‍ നിന്നും നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്ന മാസപ്പടി ആരോപണത്തില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുകയാണ്. ഈ കേസില്‍ വീണയെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ലാവ്ലിന്‍ കേസ് 40 തവണയാണ് മാറ്റിവെച്ചത്. പിണറായിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ കേസാണ് സി.പി.എം- ബി.ജെ.പി അന്തര്‍ധാരയുടെ അടിസ്ഥാനത്തില്‍ എങ്ങുമെത്താതെ പോയത്. കോടതി ഏതുസമയം പറഞ്ഞാലും വാദിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ ഇപ്പോഴും വ്യക്തമാക്കുന്നു. എന്നാല്‍ സി.ബി.ഐയെ നിയന്ത്രിക്കുന്നവര്‍ പിണറായിക്ക് കവചമൊരുക്കുകയാണ്.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്നും മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട കേസ് എവിടെയുമെത്തിയില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഈ കേസ് തന്നെ മറന്നതുപോലെയാണ്. കേസില്‍ വീണ വിജയനെ പ്രതി ചേര്‍ത്തിട്ടും ഒന്നും സംഭവിച്ചില്ല. ചെയ്യാത്ത സേവനത്തിനാണ് മുഖ്യമന്ത്രിയുടെ മകള്‍ വിവാദ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയതെന്ന ഗുരുതരമായ കണ്ടെത്തലാണ് എസ്.എഫ്.ഐ.ഒയുടെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. വസ്തുത ഇതായിരിക്കെ പുതിയ ഇ.ഡി നോട്ടീസും ഒരു പൊളിറ്റിക്കല്‍ ഗിമ്മിക്കാണെന്നതിന് മലയാളികള്‍ക്ക് ഏറെ തെളിവുകളുടെയൊന്നും ആവശ്യംവരുന്നേയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.