എപ്സ്റ്റീന്‍ ഫയല്‍സില്‍ ഉള്‍പ്പെടുന്ന 50,000ലേറെ രേഖകള്‍ ഈ ആഴ്ച പുറത്തുവിടാനൊരുങ്ങി യുഎസ് നീതിന്യായ വകുപ്പ്. ട്രംപ് ഉള്‍പ്പെട്ട ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ഒരു സ്ത്രീയുടെ ആരോപണങ്ങളടക്കം പരമാര്‍ശിക്കുന്ന രേഖകളാണ് വരാനുള്ളത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെയുള്ള ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന രേഖകളാണ് പുറത്തുവിടുകയെന്നാണ് വിവരം. വാള്‍ സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
നേരത്തെ പുറത്തുവിട്ടവയില്‍ നിന്ന് 47,635 എപ്സ്റ്റീന്‍ ഫയലുകള്‍ പിന്‍വലിച്ചിരുന്നുവെന്ന് നീതിന്യായ വകുപ്പ് സമ്മതിച്ചിരുന്നു. ഇവ ഉള്‍പ്പെടെയാണ് വീണ്ടും പ്രസിദ്ധീകരിക്കുക. ട്രംപിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീയുമായുള്ള എഫ്ബിഐ കൂടിക്കാഴ്ചയുടെ വിവരങ്ങളാണ് പുറത്തുവരാനുള്ളത്. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് തനിക്ക് നേരെ ജെഫ്രി എപ്സ്റ്റീനും ട്രംപും ലൈംഗികാതിക്രമം നടത്തിയെന്ന സ്ത്രീയുടെ ആരോപണങ്ങളാണ് പുറത്തുവരാനിരിക്കുന്നത്.