editorial

അടുക്കളയിലെത്തിയ യുദ്ധ ഭീതി

By Akhila

March 12, 2026

പശ്ചിമേഷ്യയെ അസ്വസ്ഥഭരിതമാക്കിക്കൊണ്ടിരിക്കുന്ന ഇറാനും, ഇസ്രാഈല്‍ അമേരിക്ക സഖ്യവും തമ്മിലുള്ള യുദ്ധം ഇന്ത്യയെയും കേരളത്തെയുമെല്ലാം നേരിട്ടു ബാധിക്കുന്നതിന്റെ സൂചനകള്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. യുദ്ധ പശ്ചാത്തലത്തില്‍ രൂപപ്പെട്ട പാചകവാതക ക്ഷാമം നമ്മുടെ അടുക്കളകള്‍ക്ക്‌പോലും താഴിയിടുമോയെന്ന ഭീതിയാണ് രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തിലുള്ള എല്‍.പി.ജി വിതരണത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ റസ്റ്റോറന്റുകളും ഭക്ഷ്യവിതരണ ശാലകളും കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. റസ്റ്റോറന്റുകള്‍ വ്യാപകമായി അടച്ചുപൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ തട്ടുകടകള്‍പോലുള്ള സംവിധാനങ്ങളും ഇന്ധനക്ഷാമത്താല്‍ ചക്രശ്വാസം വലിക്കുകയാണ്.

ഹോട്ടലുകള്‍ക്കുള്ള പാചക വാതകം നിര്‍ത്തിവെക്കാന്‍ വിതരണ ഏജന്‍സികള്‍ സര്‍ക്കാറിന്റെ നിര്‍ദ്ദേശംകൂടി ലഭ്യമായതോടെ പ്രതിസന്ധി പൂര്‍ണമായിരിക്കുകയാണ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമായി പാചക വാതകം പരിമിതപ്പെടുത്തിയാണ് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാനെതിരായ ഇസ്രാഈല്‍-യു.എസ് സംയുക്ത ആക്രമണത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ, വാതക വിതരണം പ്രതിസന്ധിയിലായതാണ് ഇന്ത്യയേയും വലച്ചത്. ആഗോള തലത്തില്‍ കപ്പല്‍ വഴിയുള്ള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും, എല്‍.എന്‍.ജി വിതരണത്തിന്റെ മൂന്നിലൊന്നും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. ഉപഭോഗത്തിനുള്ള 65% എല്‍പിജിയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതില്‍തന്നെ 90 ശതമാനവും വാങ്ങുന്നത് സഊദി അറേബ്യ, ഖത്തര്‍, യു.എ.ഇ തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നാണ്.

യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതാണ് ഇന്ത്യയില്‍ എല്‍.പി.ജി പ്രതിസന്ധി സൃഷ്ടിക്കുന്നത്. എല്‍.പി.ജി, സി.എന്‍.ജി, പൈപ്പ് വഴിയുള്ള പാചക വാതകം എന്നിവ മുന്‍ഗണന അടിസ്ഥാനത്തില്‍ മാത്രമേ വിതരണം ചെയ്യൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് റസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും മറ്റുഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ക്കുമൊക്കെ പ്രതിസന്ധി രൂപപ്പെട്ടതെങ്കില്‍ വരുംദിവസങ്ങളില്‍ നിയന്ത്രണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കപ്പെടുന്നതോടെ ഇതേ പ്രതിസന്ധി അവിടങ്ങളിലെല്ലാം രൂപപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മുന്തിയ പരിഗണന, അതു കഴിഞ്ഞ് വളം നിര്‍മാണ മേഖലക്ക്, തേയില നിര്‍മാണ ഫാക്ടറികള്‍ക്ക്, നിര്‍മാണ വ്യവസായ ഉപഭോക്താക്കള്‍ക്ക് എന്നിങ്ങനെയാണ് സര്‍ക്കാറിന്റെ മുന്‍ഗണനാ ക്രമം. രാജ്യത്തിന്റെ ഉപഭോഗത്തിന്റെ പകുതിയോളം വരുന്ന ആഭ്യന്തര ഉത്പാദനം (പ്രതിദിനം 191 മില്യന്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍) പെട്രോ കെമിക്കല്‍ കമ്പനികള്‍, ഊര്‍ജ്ജ യൂണിറ്റുകള്‍, ഉയര്‍ന്ന വിലയില്‍ വാതകം വാങ്ങുന്ന ഉപഭോക്താക്കള്‍ എന്നിവര്‍ക്കായുള്ള വിതരണം പൂര്‍ണമായും നിര്‍ത്തി മുന്‍ഗണന വിഭാഗത്തിന് നല്‍കാനാണ് നിര്‍ദേശം. എന്നാല്‍ ഈ തീരുമാനം പ്രതിസന്ധിക്കുള്ള താല്‍ക്കാലിക പരിഹാരം മാത്രമാണ്. യുദ്ധം നീളുന്ന മുറക്ക് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗാര്‍ഹിക ഉപയോഗത്തിനുള്ള നിയന്ത്രണവും പ്രാബല്യത്തില്‍ വരുന്ന സാഹചര്യം കാണാതിരിക്കാനാവില്ല. ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒരുപരിഹാരവും കാണാന്‍ സാധിക്കാതെ കേന്ദ്ര സര്‍ക്കാര്‍ വെറും നോക്കുകുത്തിയായിമാറുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോവാനുള്ള എല്ലാ സാഹചര്യങ്ങളും നിലനില്‍ക്കുകയാണ്.

നിലവിലെ പ്രതിസന്ധി കേന്ദ്രസര്‍ക്കാറിന്റെ പിടിപ്പുകേടിന്റെ ഫലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി നിര്‍ദേശിച്ചിട്ടുള്ള 90 ദിവസത്തെ ക്രൂഡോയില്‍ കരുതല്‍ ശേഖരം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാറിന് സംഭവിച്ചിരിക്കുന്നത് വന്‍വീഴ്ച്ചയാണ്. തങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായും അടച്ചിടുമെന്ന് ഇറാന്‍, യുദ്ധം ആരംഭിക്കുന്നതിന് മുന്നെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാറോ പെട്രോളിയം മന്ത്രാലയമോ ഊര്‍ജപ്രതിസന്ധി മുന്‍കൂട്ടിക്കാണാനോ നടപടികള്‍ സ്വീകരിക്കാനോ തയാറായില്ല. തല്‍ഫലമായി യുദ്ധം ആരംഭിച്ച് രണ്ടാഴ്ച്ചപോലും പിന്നിടുന്നതിന് മുമ്പ് രാജ്യത്ത് ഇന്ധനപ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. ലോകത്തെ പിടിച്ചുകുലുക്കിയ കുപ്രസിദ്ധ ബാലപീഡകന്‍ ജെഫ്രി എപ്സ്റ്റീനുമായി പെട്രോളിയം മന്ത്രിക്കുള്ള സൗഹൃദം പുറത്തുവരികയും ഇതേതുടര്‍ന്ന് പ്രതിപക്ഷം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ ഈ പ്രതിസന്ധിഘട്ടത്തിലും രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുന്ന തിരക്കിലായിരുന്നു വകുപ്പ്മന്ത്രി.

അതുകൊണ്ട്തന്നെപെട്രോളിയം മന്ത്രാലയം നാഥനില്ലാ കളരിയായി മാറുകയായിരുന്നു. അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു രാജ്യത്തെ ക്രൂഡോയില്‍ കരുതലുമായി ബന്ധപ്പെട്ട പാര്‍ലമെന്റിലെ ചോദ്യത്തിന് മന്ത്രി നല്‍കിയ മറുപടി. 74 ദിവസത്തെ ക്രൂഡോയില്‍ കരുതല്‍ ശേഖരം രാജ്യത്തുണ്ടെന്ന അദ്ദേഹത്തിന്റെ മറുപടി യാഥാര്‍ത്ഥ്യവുമായ പുലബന്ധം പോലുമില്ലാത്തതായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഊര്‍ജസംരക്ഷണത്തെക്കുറിച്ച് ഒരാശങ്കക്കും അടിസ്ഥാനമില്ലെന്ന് ആണയിട്ട സര്‍ക്കാറാണ് കേവലം 12 ദിവസം പിന്നിട്ടപ്പോഴേക്കും കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്. ഊര്‍ജപ്രതിസന്ധിയുള്‍പ്പെടെയുള്ളവിഷയങ്ങളില്‍ മറ്റുസാഹചര്യങ്ങളൊന്നും പരിശോധിക്കാന്‍ കഴിയാത്തവിധം രാജ്യത്തിന്റെ താല്‍പര്യങ്ങളെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് മുന്നില്‍ പൂര്‍ണമായും ബലികഴിപ്പിച്ചതിന്റെ അനിവാര്യമായ ദുരന്തമാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും കണ്ണുതുറക്കാനും പ്രശ്‌നങ്ങള്‍ മുന്‍കൂട്ടിക്കണ്ട് പരിഹാരനടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയാറാകാത്ത പക്ഷം കൂടുതല്‍ കെടുതികളിലേക്ക് രാജ്യം തള്ളിവിടപ്പെടുമെന്നതുറപ്പാണ്.