kerala

മുൻ കാമുകന്റെ ഭാര്യയായ വനിതാ ഡോക്ടറെ എച്ച്‌.ഐ.വി. വൈറസ് കുത്തിവെച്ച കേസ്; സ്ത്രീയടക്കം നാലുപേർ അറസ്റ്റിൽ

By sreenitha

January 25, 2026

ആന്ധ്രപ്രദേശിലെ കുർനൂലിൽ മുൻ കാമുകന്റെ ഭാര്യയായ വനിതാ ഡോക്ടറെ എച്ച്‌.ഐ.വി. വൈറസ് കുത്തിവെച്ച സംഭവത്തിൽ സ്ത്രീയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുർനൂൽ സ്വദേശി ബി. ബോയ് വസുന്ധര (34), സ്വകാര്യ ആശുപത്രി നഴ്സായ കോങ് ജ്യോതി (40), ഇവരുടെ 20 വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് അറസ്റ്റിലായത്.

മുൻ കാമുകൻ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതിലുള്ള പ്രതികാരം തീർക്കാനാണ് വസുന്ധര കൂട്ടുപ്രതികളുമായി ചേർന്ന് കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ജനുവരി ഒമ്പതിന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. സ്വകാര്യ മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായ ഡോക്ടർ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം.

അപകടം ഉണ്ടാക്കിയ ശേഷം സഹായിക്കാനെന്ന വ്യാജേന സമീപിച്ച പ്രതികൾ ഡോക്ടറെ എച്ച്‌.ഐ.വി. വൈറസ് കലർത്തിയ രക്തം ഉപയോഗിച്ച് കുത്തിവെക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ ദിവസങ്ങൾ പഴക്കമുള്ള രക്തം റഫ്രിജറേറ്ററിൽ സൂക്ഷിച്ചാലും വൈറസ് ബാധയ്ക്ക് സാധ്യത കുറവാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

ഉടൻ ചികിത്സ ലഭിച്ചതിനെ തുടർന്ന് ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്ന് ആഴ്ചയ്ക്കുശേഷം ഡോക്ടർക്ക് ജോലിയിൽ തിരിച്ചെത്താനാകുമെന്നുമാണ് മെഡിക്കൽ സംഘത്തിന്റെ അറിയിപ്പ്.