യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ്‌റ് വി.എസ് സുജിത്തിനുനേരെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വെച്ചു നടത്തുന്ന നരനായാട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ നാടിന്റെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തേണ്ട പൊലീസ് സംവിധാനം എത്രമാത്രം പ്രാകൃതവും പൈശാചികവുമായ മനോഭാവാണ് ഇപ്പോഴും വെച്ചുപുലര്‍ത്തുന്നതെന്ന് മനസാക്ഷി മരിച്ചുപോയിട്ടില്ലാത്ത ഓരോ മലയാളിയും ചിന്തിച്ചുപോവുകയാണ്. ഒന്നിനുപിറകെ ഒന്നായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഓരോന്നിനെയും ഒറ്റപ്പെട്ട സംഭവങ്ങളായി പ്രഖ്യാപിക്കുകയും, വിമര്‍ശനമുയരുമ്പോള്‍ അതിനെ പൊലീസിന്റെ മനോവീര്യം തകര്‍ക്കലായി ചിത്രീകരിച്ച് സേനയിലെ ക്രിമിനലുകളെ കൈയ്യഴച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ സമീപനം അതിലേറെ ലജ്ജിപ്പിക്കുകയാണ്. ഒരു ഭാഗത്ത് ആര്‍.എസ്.എസ് വല്‍ക്കരണവും മറുഭാഗത്ത് ക്രിമിനല്‍ വല്‍ക്കരണവുമായി കേരള പൊലീസിന്റെ അലകുംപിടിയും തകര്‍ന്നു തരിപ്പണമായിക്കൊണ്ടിരിക്കു മ്പോള്‍ അതിനെതിരെ ചൂണ്ടുവിരല്‍പോലും അനക്കാനാവാത്തവിധം വകുപ്പ് മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുര്‍ബലപ്പെട്ടുപോയിരിക്കുകയാണ്. അക്രമികള്‍ക്ക് ഉന്നത തലങ്ങളില്‍ നിന്നുവരെ ലഭിച്ചിട്ടുള്ള പിന്തുണയും സുരക്ഷയും ഒരു സംവിധാനത്തെ ആകെ ഗ്രസിച്ചിട്ടുള്ള ജീര്‍ണതിയിലേക്കുള്ള ചൂണ്ടുപലകയാണ്. സുജിത്തിനെതിരെ നടന്നിട്ടുള്ള ആക്രമണം പോലെതന്നെ ക്രൂരമായിരുന്നു അത് മുക്കാനുമുള്ള പൊലീസിന്റെ ശ്രമം.
പൊലീസ് വിദഗ്ധമായി മുക്കിയ 2023 ഏപ്രില്‍ അഞ്ചിന് നടന്ന അതിക്രൂരമായ മര്‍ദ്ദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് പുറത്തു വന്നത്. ചൊവ്വന്നൂരില്‍ വെച്ച് വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ അകാരണമായി പൊലീസുകാര്‍ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് സംഭവത്തിന്റെ്‌റെ തുടക്കം. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്.ഐ നുഹ്‌മാന്‍ പൊലീസ് ജീപ്പില്‍ സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. തുടര്‍ന്ന് സ്റ്റേഷനില്‍ വെച്ച് എസ്.ഐക്കു പുറമെ സി.പി.ഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ ചേര്‍ന്ന് സുജിതിനെ കൈത്തരിപ്പ് മാറുന്നതുവരെ പെരുമാറുകയായിരുന്നു. എന്നാല്‍ തന്നെ മര്‍ദിച്ചതിന്റെ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ക്ക് അന്നേ ദിവസം തന്നെ സുജിത് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പല കാരണങ്ങള്‍ പറഞ്ഞു ദൃശ്യം നല്‍കുന്നത് തടഞ്ഞു വെച്ചു. തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം സി.സി.ടി.വി ദൃശ്യം ആവശ്യപ്പെട്ടെങ്കിലും പൊലീസ് നിസ്സഹകരണ സമീപനം തുടര്‍ന്നു. പിന്നീട് സുജിത്ത് നല്‍കിയ അപ്പീല്‍ അപേക്ഷയില്‍ പൊലീസ് സ്റ്റേഷനിലെ സി.സി.ടി വി ദൃശ്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടും പൊലീസ് അലംഭാവം തുടര്‍ന്നതോടെ, വിവരാവകാശ കമ്മീഷന്‍ പൊലീസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചു വരുത്തി രണ്ട് പേരുടെയും വാദം കേട്ട ശേഷം സിസിടിവി ദൃശ്യങ്ങള്‍ നല്‍കുവാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ സ്റ്റേഷനിലെ പല സ്ഥലങ്ങളില്‍ വെച്ച് എസ്.ഐ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ച് അവശനാക്കു ന്നതിന്റെ ദൃശ്യങ്ങള്‍ ലഭിക്കുന്നത്. വേലി തന്നെ വിള തിന്നുന്നതിന് സമാനമായി പൊലീസ് നരനായാട്ടില്‍പെട്ട് ജീവിതവും ജീവനും നഷ്ടപ്പെട്ടുപോയവരുടെ ദീനരോതനങ്ങളാല്‍ മുഖരിതമായിത്തീര്‍ന്നിരിക്കുകയാണ് പിണറായിക്കാലത്തെ കേരളത്തിന്റെ തെരുവീഥികള്‍ എന്നത് ഒട്ടും അതിശയോക്തിപരമല്ല. ദൗര്‍ഭാഗ്യകരമായ അത്തരം സംഭവങ്ങളുടെ നീണ്ടുകിടക്കുന്ന പട്ടിക ആ യാഥാര്‍ത്ഥ്യത്തിന്റെ ജീവിക്കുന്ന തെളിവുകളാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് ഗോകുല്‍ എന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി വിഭാഗത്തില്‍പ്പെട്ട കൗമാരക്കരനെ കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശിയായ ഗോകുലിനെ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടത്തിയത്. ഗോകുലിനെ പൊലീസ് പതിവായി ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ ആരോപണമുന്നയിച്ചിരുന്നു. പ്രസ്തുത കേസിന്‍മേലുള്ള വിവാദങ്ങളുടെ ചൂടാറും മുമ്പാണ് ഭരണസിരാകേന്ദ്രം സ്ഥിതിചെയ്യുന്ന തിരുവന്തപുരത്ത് ദളിത് സ്ത്രീ പൊലീസ് സ്റ്റേഷനില്‍ നേരിട്ട മാനസിക പീഡനം പുറത്തുവന്നത്. ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ ദിനംപ്രതിയെന്നോണം തെക്കെന്നോ വടക്കെന്നോ വ്യത്യാസമില്ലാതെ സംസ്ഥാനത്തിന്റെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ഉയരുമ്പോഴും കുറ്റക്കാര്‍ക്കെതിരെ ഒരു ന ടപടിയുമുണ്ടാകുന്നില്ലെന്നുമാത്രമല്ല, അവര്‍ പൂര്‍ണ സംര ക്ഷണത്തിലുമാണ്. സുജിതിനെ ക്രൂരമായി മര്‍ദ്ദിച്ച ഉദ്യോഗസ്ഥരുടെ നിലവിലെ അവസ്ഥ ഇതിന്റെ മികച്ച ഉദാഹരണമാണ്. പേരിനുമാത്രമുള്ള നടപടി നേരിട്ട ഈ ക്രിമിനല്‍ സംഘം ഇപ്പോഴും സേനയില്‍ സൈ്വര്യവിഹാരം നടത്തി ക്കൊണ്ടിരിക്കുകയാണ്. ഈ നില, ഇതുപോലുള്ള കൂടുതല്‍ ക്രമിനലുകളെ സൃഷ്ടിക്കുന്നതോടൊപ്പം മികച്ച നിലയില്‍ സേവനം അര്‍പ്പിച്ചുകൊണ്ടിരിക്കുന്നവരെ ഹതാശരാക്കുകയുമാണ്. പൊലീസ് സംവിധനത്തിലെ സമഗ്രമായ അഴിച്ചുപണിയുടെ ആവശ്യകതയാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഈ ആധുനിക കാലത്തും ധിക്കാരവും ധാര്‍ഷ്ട്യവുമെല്ലാമാണ് പൊലീസ് സെനയുടെ മുഖ മുദ്ര എന്നത് എത്രമാത്രം ദൗര്‍ഭാഗ്യകരമാണ്.