kerala

വേടന് പുരസ്‌കാരം നല്‍കിയ ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്: ദീദി ദാമോദരന്‍

By webdesk17

November 05, 2025

റാപ്പര്‍ വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം നല്‍കിയതില്‍ അതൃപ്തി അറിയിച്ച് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍. വേടന് പുരസ്‌കാരം നല്‍കിയത് അന്യായമാണെന്നും ജൂറി പെണ്‍കേരളത്തോട് മാപ്പുപറയണമെന്ന് ദീദി ആവശ്യപ്പെട്ടു.

‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം’ എന്ന വരികള്‍ ഉദാത്തമാണെന്നും എന്നാല്‍ ഇരുളിന്റെ മറവില്‍ ആ പരാതിക്കാര്‍ക്കേറ്റ മുറിവില്‍ നിന്നൊഴുകിയ ചോരയില്‍ ആ പുരസ്‌കാരം ഒരന്യായമാണെന്നും ദീദി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം’ എന്ന വരികള്‍ ഉദാത്തമാണ്. എന്നാല്‍ ഇരുളിന്റെ മറവില്‍ ആ പരാതിക്കാര്‍ക്കേറ്റ മുറിവില്‍ നിന്നൊഴുകിയ ചോരയില്‍ ആ പുരസ്‌കാരം ഒരന്യായമാണ്. ഒരു വാഴ്ത്തുപാട്ടുകള്‍ക്കും ആ പാതകം മായ്ക്കാനോ മറയ്ക്കാനോ ആവില്ല. സ്ത്രീ പീഢകരെ സംരക്ഷിക്കില്ല എന്ന് ഫിലിം കോണ്‍ക്ലേവില്‍ സര്‍ക്കാര്‍ നടത്തിയ നയപ്രഖ്യാപനങ്ങളുടെ breach of trust ആണ് ജൂറി തീരുമാനം . കോടതി കയറിയാല്‍ പോലും ഇനി റദ്ദാക്കാനാവാത്ത ആ തീരുമാനം ചലച്ചിത്ര ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തതിന് ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാദ്ധ്യസ്ഥരാണ്,” കുറിപ്പില്‍ പറയുന്നു.

അതേസമയം പരാതികളില്ലാതെ അഞ്ച് വര്‍ഷം സിനിമ അവാര്‍ഡ് പ്രഖ്യാപനം നടത്തിയെന്നും വേടനെ പോലും സ്വീകരിച്ചെന്നുമുള്ള മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം വിവാദമായിരുന്നു.

‘മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ കുതന്ത്രം എന്ന ഗാനത്തിനാണ് ഗാനരചയിതാവിനുള്ള പുരസ്‌കാരം വേടന് ലഭിച്ചത്.