kerala

ചെലവ് വരവിനെക്കാൾ 39,023 കോടി അധികം; പിടിവിട്ട് സാമ്പത്തിക പ്രതിസന്ധി

By webdesk18

December 29, 2025

സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലെ അന്തരം അതിഗുരുതരമായ നിലയില്‍ എന്ന് കണ്ടെത്തല്‍. അക്കൗണ്ടന്റ് ജനറലിന്റെ കഴിഞ്ഞമാസം 30 വരെയുള്ള കണക്കനുസരിച്ച് വരവിനെക്കാള്‍ അധികച്ചെലവ് 39,023 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തില്‍ 28,976 കോടിയെന്ന ധനക്കമ്മിയാണ് ഒറ്റയടിക്ക് പതിനായിരം കോടിയിലേറെ വര്‍ധിച്ചത്. റിസര്‍വ് ബാങ്ക് വഴി കടമെടുത്താണ് അധികച്ചെലവിനായി സര്‍ക്കാര്‍ പണം കണ്ടെത്തിയത്. അതേസമയം, ചെലവ് ഇനിയും കുതിച്ചുയര്‍ന്നേക്കും. അതു നിറവേറ്റാന്‍ പണം എവിടെ നിന്നുണ്ടാക്കുമെന്നു സര്‍ക്കാരിനും വ്യക്തതയില്ല.

കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്താല്‍ ജിഎസ്ടി, ഭൂനികുതി, കേന്ദ്രത്തില്‍ നിന്നുള്ള ഗ്രാന്റ് എന്നിവയിലുണ്ടായ കുറവാണ് ആകെ വരുമാനത്തെ സാരമായി ബാധിച്ചത്. എത്ര ശ്രമിച്ചിട്ടും ജിഎസ്ടി വരുമാനം വര്‍ധിക്കാത്തത് സര്‍ക്കാരിനെയും അമ്പരപ്പിച്ചിരിക്കുകയാണ്. പതിവു പോലെ കേന്ദ്രത്തില്‍നിന്ന് അര്‍ഹമായതു ചോദിക്കുന്നതിനു പുറമേ അധികാനുമതിയും കൂടി തേടാനാണു തീരുമാനം.

കേന്ദ്രവുമായുള്ള തര്‍ക്കങ്ങളും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാത്തതുമാണ് ഗ്രാന്റുകള്‍ മുടങ്ങാന്‍ മുഖ്യ കാരണം. ബജറ്റില്‍ ലക്ഷ്യമിട്ടതിന്റെ 53.14% മാത്രമേ റവന്യു വരുമാനമായി ലഭിച്ചുള്ളൂ. കഴിഞ്ഞ വര്‍ഷം 57.53% ലഭിച്ചിടത്താണിത്. കടമെടുപ്പ് ഒഴികെ വരുമാനം 1.87% മാത്രം വര്‍ധിച്ചപ്പോള്‍ ചെലവ് 10.64 ശതമാനമാണു കൂടിയത്.