Sports

ഫോര്‍മുല വണ്‍ ഇതിഹാസം; മൈക്കല്‍ ഷൂമാക്കറുടെ ആരോഗ്യനിലയില്‍ നിര്‍ണ്ണായകമായ പുരോഗതി

By Akhila

January 27, 2026

ജനീവ: ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറുടെ ആരോഗ്യനിലയില്‍ നിര്‍ണ്ണായകമായ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. 2013-ല്‍ ഫ്രഞ്ച് ആല്‍പ്സില്‍ വെച്ചുണ്ടായ സ്‌കീയിംഗ് അപകടത്തിന് ശേഷം ദീര്‍ഘകാലമായി കോമയിലായി കിടപ്പിലായിരുന്നു താരം. ഇപ്പോള്‍ വീല്‍ചെയറില്‍ ഇരിക്കാന്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ 12 വര്‍ഷമായി ഒരു മുറിക്കുള്ളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷൂമാക്കര്‍ ഇപ്പോള്‍ കിടപ്പിലല്ലെന്നും, വീല്‍ചെയറിന്റെ സഹായത്തോടെ സ്വിറ്റ്സര്‍ലന്‍ഡിലെയും മയ്യോര്‍ക്കയിലെയും തന്റെ വസതികളില്‍ ചുറ്റിക്കറങ്ങാന്‍ സാധിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ അദ്ദേഹം കണ്ണ് ചിമ്മിക്കൊണ്ടാണ് ആശയവിനിമയം നടത്തുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും, പുതിയ വിവരങ്ങള്‍ ആരാധകര്‍ക്ക് ചെറിയ തോതിലെങ്കിലും പ്രതീക്ഷ നല്‍കുന്നതാണ്. 1995-ല്‍ വിവാഹിതരായ ഭാര്യ കൊറീനയാണ് ഷൂമാക്കറുടെ ചികിത്സക്കും പരിചരണത്തിനും നേതൃത്വം നല്‍കുന്നത്.

2012-ല്‍ വിരമിക്കുന്നതിന് മുമ്പ് ഏഴ് തവണ ലോക കിരീടം ചൂടിയ ഷൂമാക്കര്‍, 91 റേസുകളില്‍ വിജയിച്ച് ഫോര്‍മുല വണ്ണിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായാണ് അറിയപ്പെടുന്നത്.2000 മുതല്‍ 2004 വരെ തുടര്‍ച്ചയായി 5 തവണ ലോക കിരീടം നേടി. ഈ റെക്കോര്‍ഡ് ഇന്നും തകര്‍ക്കപ്പെടാതെ നില്‍ക്കുന്നു. 2013-ല്‍ ഫ്രഞ്ച് ആല്‍പ്സില്‍ സ്‌കീയിംഗ് നടത്തുന്നതിനിടെ ഒരു പാറയില്‍ തലയിടിച്ചാണ് ഷൂമാക്കര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് ഹെല്‍മറ്റ് ധരിച്ചിരുന്നതുകൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. 250 ദിവസത്തോളം കോമയില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവന്നത്.