kerala

തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍

By webdesk17

June 10, 2025

കേരളാതീരത്ത് ചരക്കുകപ്പല്‍ തീപിടിച്ചുണ്ടായ സംഭവത്തില്‍ രക്ഷാ ദൗത്യം ദുഷ്‌കരമാകുന്നു. കപ്പല്‍ 10 ഡിഗ്രി ചെരിഞ്ഞു. കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല. കപ്പല്‍ അപകടത്തില്‍പെട്ട് 27 മണിക്കൂര്‍ പിന്നിടുമ്പോഴും കപ്പലില്‍ നിന്നും വലിയ തോതില്‍ തീ കത്തുകയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ സമര്‍ഥ് കപ്പലും രക്ഷാദൗത്യത്തിന്റെ ഭാഗമാകും. കണ്ടെയ്‌നറുകള്‍ കേരള തീരത്തണയുമെന്ന അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

അതേസമയം കാണാതായ നാല് കപ്പല്‍ ജീവനക്കാരെ ഇതുവരെയും കണ്ടെത്താനായില്ല. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. രണ്ട് ഡോണിയര്‍ വിമാനങ്ങള്‍ ആകാശം നിരീക്ഷണം നടത്തുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ സമര്‍ദ് കപ്പല്‍സല്‍വേജ് മാസ്റ്ററുമായി രക്ഷാദൗത്യത്തില്‍ പങ്കുചേരും.

മംഗലാപുരത്തേക്ക് നാവികരുമായി പോയ ഐഎന്‍എസ് സൂറത്തും കൊച്ചി നാവികസേന ആസ്ഥാനത്തുനിന്ന് ഐഎന്‍എസ് സുലേജും അപകടസ്ഥലത്ത് ഉടനെത്തും.

അതേസമയം കപ്പല്‍ ചെരിഞ്ഞതോടെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായി റിപ്പോര്‍ട്ടുണ്ടെന്നും കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കുന്നു. കപ്പലിലെ 157 കണ്ടെയ്‌നറുകളില്‍ അതീവ അപകടരമായ വസ്തുക്കളാണ് ഉള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തീപിടിക്കുന്നതും, വെള്ളവുമായി കലര്‍ന്നാല്‍ അപകടരമാകുന്നതുമായ രാസവസ്തുക്കളാണ് കപ്പലിലുള്ളത്.

പൊട്ടിത്തെറിക്കാന്‍ ഇടയുള്ളതും അല്ലാത്തതുമായ ആയിരക്കണക്കിന് ലിറ്റര്‍ രാസവസ്തുക്കളും ഇന്ധനവുമാണ് കണ്ടെയ്നറുകളിലുള്ളത്.

കപ്പല്‍ അപകടത്തില്‍ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള ആറു പേരില്‍ രണ്ടു പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

അതിനിടെ, സാഹചര്യം വിലയിരുത്താന്‍ ഇന്നു കൊച്ചിയില്‍ ഉന്നതതല യോഗം ചേരും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നതെന്നാണു വിവരം. സംസ്ഥാന സര്‍ക്കാര്‍, നാവികസേന, കോസ്റ്റ്ഗാര്‍ഡ്, മറ്റ് കേന്ദ്ര ഏജന്‍സികള്‍, കേരള മാരിടൈം ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.