kerala

പഴവര്‍ഗ വിപണി പൊള്ളുന്നു; കൂടിയും കുറഞ്ഞും പച്ചക്കറി വില

By Akhila

February 11, 2026

മലപ്പുറം: വിപണിയില്‍ പൊള്ളുന്ന വിലക്കയറ്റം തീര്‍ത്ത് പഴവും പച്ചക്കറിയും. ശക്തമായ ചൂടും നിലവില്‍ പല പഴവര്‍ഗങ്ങളുടെ കാലമല്ലാത്തതുമാണ് പഴം വിപണിയിലെ വില വര്‍ധനവിന് കാരണം. പച്ചക്കറിവില കൂടിയും കുറഞ്ഞും ചാഞ്ചാടുന്ന സാഹചര്യമാണുള്ളത്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കലാവ സ്ഥ വ്യതിയാനമാണ് പച്ചക്ക റിക്ക് കീശകാലിയാക്കുന്നത്. പഴം വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ആപ്പിളിനാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ആപ്പിള്‍ ലഭ്യമല്ലാത്തത് കൊണ്ടു തന്നെ വിദേശി ആപ്പിളുകളാണ് വിപണിയില്‍ ലഭിക്കുന്നത്. ന്യൂസിലാന്റ്, ഇറ്റലി, ജര്‍മ്മനി, യു.എസ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ആപ്പിള്‍ എത്തുന്നത്. കിലോക്ക് 200 രൂപ മുതല്‍ തുടങ്ങി 300 രൂപ വരെയാണ് ആപ്പിള്‍ വില.

ഓറഞ്ച് ഉള്‍പ്പെടെ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന പഴ വര്‍ഗങ്ങള്‍ കാര്യമായി ഒന്നും ലഭ്യമല്ല എന്നതാണ് വസ്തുത. മധുരമുള്ള ഇന്ത്യന്‍ ഓറഞ്ച് ഇപ്പോള്‍ ലഭ്യമല്ല. ഉള്ളത് തന്നെ മധുരമില്ലാതെ 130 രൂപ വരെ കിലോയുള്ള ഓറഞ്ചുകളാണ്. മറ്റു പഴങ്ങള്‍ നോക്കിയാല്‍ വിദേശ പഴങ്ങളുടെ ആധിപത്യമാണ് ജില്ലയിലെ വിപണിയിലെങ്ങും. പേരക്കയും പൈനാപ്പിളും ഉറുമാന്‍പഴവുമെല്ലാം കീശ കാലിയാക്കുന്ന സഹചര്യമാണുള്ളത്.

നേരത്തെ 50ല്‍ താഴെ വിലയുണ്ടായിരുന്ന പൈനാപ്പിളിന് വില 80 രൂപയായി ഉയര്‍ന്നു. വിളവെടുക്കാന്‍ റമസാന്‍ മാസം കാത്തിരിക്കുന്നതാണ് വിലവര്‍ധ നവിന് പ്രധാന കാരണം. ഉത്തരേന്ത്യയില്‍ വിവാഹ സീസണായതും മറ്റൊരു കാരണമാണെന്ന് വ്യാപാരികള്‍ പറയുന്നു. 120-150നുമിടയില്‍ ലഭിച്ചിരുന്ന ഉറുമാന്‍ പഴത്തിന് വില 230 ആയി ഉയര്‍ന്നിട്ടുണ്ട്. പേരക്ക വില 60ല്‍ നിന്നും നേരെ ഇരട്ടിയായി 120ല്‍ എത്തി. മാമ്പഴ മാര്‍ക്കറ്റിലേക്ക് വന്നാല്‍ നീലന്‍ മാമ്പഴമാണ് വിപണിയില്‍ ഉള്ളത്. 120 മുതല്‍ 150 രൂപ വരെയാണ് കിലോക്ക് വില നല്‍കേണ്ടത്. വേനലില്‍ പ്രധാനമായും ദാഹമകറ്റുന്ന തണ്ണിമത്തന് 20 മുതല്‍ 35 രൂപ വരെ വിലയുണ്ട്. 40 രൂപയാണ് പപ്പായയുടെ വില.

പച്ചക്കറി വിലയിലേക്ക് വന്നാല്‍ വെളുത്തുള്ളി വില 200 രൂപയിലേക്ക് കുതിക്കുകയാണ്. കോവക്ക, പയര്‍ എന്നിവക്കും വില വര്‍ധിച്ചിട്ടുണ്ട്. വെ ളുത്തുള്ളിയുടെ ചില്ലറ വില്‍പ്പന വില 170 ആയിരുന്നത് നിലവില്‍ 200 ആയി വര്‍ധിച്ചിട്ടുണ്ട് മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെല്ലാം കനത്ത മഞ്ഞായതിനാല്‍ പച്ചക്കറി ലഭ്യത കുറഞ്ഞതാണ് ബീന്‍സ്, കോവക്ക, പയര്‍ തുടങ്ങിയവക്ക് വില വര്‍ധിക്കാനിടയായത്.

കഴിഞ്ഞയാഴ്ച് കിലോക്ക് 40 രൂപയുണ്ടായിരുന്ന ബീന്‍സിന് മൊത്തവ്യാപാരവില 50 രൂപയായും ചില്ലറ വില്‍പ്പന വില 80 രൂപയായും വര്‍ധിച്ചു. കഴിഞ്ഞയാഴ്ച 40 – 45 നും ഇടയില്‍നിന്ന കോവക്കയുടെ ചില്ലറ വില്‍പ്പന വില ഒരാഴ്ചക്കിടെ 70 മുതല്‍ 80 രൂപവരെയായി വര്‍ധിച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പുവരെ 60 രൂപ വരെയുണ്ടായിരുന്ന വള്ളിപ്പയറിന്റെ മൊത്ത വ്യാപാരവില 75 രൂപയാണ്. ചില്ലറ വില്‍പ്പനവില 90 മുതല്‍ 100 രൂപ വരെയായി. എന്നാല്‍ മുരിങ്ങാകായ വില ഇടിഞ്ഞതും ആശ്വാസമായി. 350 രൂപ വരെ കിലോക്കുണ്ടായിരുന്ന മുരിങ്ങാകായ ഇപ്പോള്‍ 150 മുതല്‍ 170 രൂപക്ക് വരെ ലഭിക്കുന്നുണ്ട്. എന്നാല്‍ കാരറ്റ്, തക്കാളി, കിഴങ്ങ്, വലിയ ഉള്ളി, ചെറിയ ഉള്ളി, ബീറ്റ് റൂട്ട് എന്നിവക്ക് വലിയ കുറവുണ്ട്. ബാംഗ്ലൂരിലെ തണുത്ത കാലവസ്ഥയാണ് കാരറ്റ് വിലയിലെ കുറവിന് കാരണം.