india

ബാബരി മസ്ജിദിന്റെ നിര്‍മാണമാണ് അയോധ്യയിലെ അടിസ്ഥാനപരമായ കളങ്കം; വിദ്വേഷ പരാമര്‍ശം നടത്തി മുന്‍ ചീഫ് ജസ്റ്റിസ്

By webdesk18

September 25, 2025

യുപിയിലെ ഹിന്ദുത്വ വാദികള്‍ തകര്‍ത്ത ബാബരി മസ്ജിദിന്റെ നിര്‍മാണമായിരുന്നു അയോധ്യയിലെ അടിസ്ഥാനപരമായ കളങ്ക പ്രവര്‍ത്തനം എന്ന് വിദ്വേഷ പരാമര്‍ശം നടത്തി മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല തെളിവുകളുടെ അടിസ്ഥാനത്തിലാണ് അയോധ്യാ വിധി പുറപ്പെടുവിച്ചതെന്നും ചന്ദ്രചൂഢ് വാദിച്ചു.

1949ല്‍ രാം ലല്ലയുടെ വിഗ്രഹങ്ങള്‍ ബാബരി മസ്ജിദിന് അകത്ത് സ്ഥാപിച്ച് ആ ആരാധനാലയത്തെ കളങ്കപ്പെടുത്തിയതിന്റെ പേരില്‍ ഹിന്ദുത്വ വാദികള്‍ക്കെതിരെ നിയമനടപടി എടുക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോഴാഴിയിരുന്നു ചന്ദ്രചൂഢിന്റെ പ്രതികരണം. ‘മസ്ജിദിന്റെ നിര്‍മാണമാണ് അടിസ്ഥാനപപരമായ കളങ്ക പ്രവര്‍ത്തനം’ എന്നും, അത് പുരാവസ്തു ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. ഏതെങ്കിലും കെട്ടിടം പൊളിച്ചാണ് ബാബരി മസ്ജിദ് നിര്‍മിച്ചത് എന്നതിന് തെളിവുകളില്ലെന്ന് സുപ്രിം കോടതി വിധി നിലനില്‍ക്കെയാണ് മുന്‍ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

1991ലെ ആരാധനാലയ സംരക്ഷണ നിയമം മതസ്ഥലങ്ങളുടെ സ്വഭാവം മാറ്റുന്നത് വിലക്കിയിരിക്കെ ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ അനുവദിച്ച വിധി പുറപ്പെടുവിച്ചതിന്റെ ന്യായമെന്ത് എന്ന ചോദ്യത്തിന്, ഗ്യാന്‍വാപി സൈറ്റിന്റെ മതസ്വഭാവം ‘അടഞ്ഞ അധ്യായമല്ല’ എന്നും ഹിന്ദുക്കള്‍ മസ്ജിദിന്റെ നിലവറയില്‍ ‘നൂറ്റാണ്ടുകളായി’ ആരാധന നടത്തിയിരുന്നുവെന്നും മുസ്‌ലിം പക്ഷത്ത് നിന്ന് ഈ അവകാശവാദത്തെ നിരന്തരം എതിര്‍ത്തിട്ടും ഈ വാദം ‘സംശയരഹിതമായ’ സത്യമാണെന്നും അദേഹം അവകാശപ്പെട്ടു.