തിരുവനന്തപുരം: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ഫലം നാളെ. പത്ത് വര്‍ഷത്തെ പിണറായി ഭരണത്തിന് അന്ത്യംകുറിച്ച് അധികാരത്തിലെത്തുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. മൂന്നാമതും ഭരണ തുടര്‍ച്ച അവകാശപ്പെട്ട് എല്‍.ഡി. എഫും ഇടക്ക് പൂട്ടിപ്പോയ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയില്‍ ബി.ജെ.പിയും നാളത്തെ ദിവസത്തെ കാത്തിരിക്കുകയാണ്. രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ഇസിഐനെറ്റ് മൊബൈല്‍ ആപ്പിലും results.eci.gov.in എന്ന വെബ്സൈറ്റിലും ഫലമറിയാം. സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ യു. രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണല്‍ ജോലികള്‍ക്കായി 15,465 ഉദ്യോഗസ്ഥരെയാണ്
കമ്മീഷന്‍ നിയോഗിച്ചിട്ടുള്ളത്. 140 റിട്ടേണിങ് ഓഫിസര്‍മാര്‍, 1,340 അഡീഷണല്‍ റിട്ടേണിങ് ഓഫിസര്‍മാര്‍, 4,208 മൈക്രോ ഒബ്സര്‍വര്‍മാര്‍, 4,208 വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാര്‍, 5,563 വോട്ടെണ്ണല്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ വോട്ടെണ്ണല്‍ പ്രക്രിയയുടെ ഭാഗമാകും. നിരീക്ഷകന്റെ സാക്ഷ്യപത്രത്തോടെയും സ്ഥാനാര്‍ഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിധ്യത്തിലുമായിരിക്കും പൂര്‍ണമായും വീഡിയോ റെക്കോര്‍ഡിങ്ങോടെ സ്‌ട്രോങ് റൂമുകള്‍ തുറക്കുക. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിനായി പരമാവധി 14 ടേബിളുകള്‍ വീതമുണ്ടാകും. വോട്ടെണ്ണല്‍ ഹാളില്‍ കര്‍ശനമായ സുരക്ഷാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥാനാര്‍ഥികളും ഏജന്റുമാരും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമായും കയ്യില്‍ കരുതണം. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഇവര്‍ ഹാളില്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.
വോട്ടിങ് യന്ത്രത്തിലെ വോട്ടുകളുടെ എണ്ണം ആദ്യം പരിശോധിച്ച ശേഷം ബാലറ്റ് പേപ്പര്‍ അക്കൗണ്ടിലെ വിവരങ്ങളുമായി ഒത്തുനോക്കും. ഒരു ബൂത്തില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ആകെ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്നതാണു ബാലറ്റ് പേപ്പര്‍ അക്കൗണ്ട്. ഇതിലെയും യന്ത്രത്തിലെയും വോട്ടുകളുടെ കണക്കുകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍ യന്ത്രം മാറ്റിവച്ച് വിവിപാറ്റുകള്‍ ഏറ്റവും ഒടുവിലത്തെ റൗണ്ടില്‍ എണ്ണും. നിലവില്‍, ഓരോ മണ്ഡലത്തിലും അഞ്ച് ബൂത്തുകളിലെ വീതം വോട്ടിങ് യന്ത്രവും അവയിലെ വിവിപാറ്റുമാണ് നിര്‍ബന്ധമായും എണ്ണുക. ഇത്തവണ നിരീക്ഷകര്‍ക്ക് ഓരോ റൗണ്ടിലും ആവശ്യമെങ്കില്‍ രണ്ട് വീതം വോട്ടിങ് യന്ത്രങ്ങള്‍ റാന്‍ഡമായി തിരഞ്ഞെടുത്ത് എണ്ണിയതു ശരിയാണോയെന്നു പരിശോധിക്കാന്‍ ആവശ്യപ്പെടാം.
വോട്ടിങ് യന്ത്രത്തിലെയും ബൂത്തില്‍ പോള്‍ ചെയ്ത വോട്ടുകളുടെയും എണ്ണത്തില്‍ വ്യത്യാസമുണ്ടെന്നു കണ്ടാല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും. രു നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിക്കു വിജയിക്കാനുള്ള ഭൂരിപക്ഷത്തെ സ്വാധീനിക്കാവുന്നതാണെങ്കില്‍ മാത്രമേ മുന്‍പ് വിവിപാറ്റ് എണ്ണിയിരുന്നുള്ളൂ. ഇത്തവണ വിജയത്തെ സ്വാധീനിച്ചാലും ഇല്ലെങ്കിലും ഇവ എണ്ണാനാണ് നിര്‍ദേശം. കേരളത്തിനൊപ്പം തമിഴ്‌നാട്, അസം, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലും നാളെ നടക്കും.