kerala

ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു

By Akhila

February 06, 2026

തിരുവല്ല: ഗുണ്ടാ പിരിവ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കാപ്പാ കേസ് പ്രതിയായ സുബിന്‍ അലക്‌സാണ്ടര്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

ഈ മാസം ആദ്യം നടന്ന സംഭവത്തില്‍, ‘മരണം സുബിന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന സുബിന്‍ അലക്‌സാണ്ടറും സംഘവും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവല്ലയിലെ സ്പായില്‍ എത്തി ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി വന്നിരുന്നു. സംഭവ ദിവസവും സംഘം സ്പായിലെത്തി 50,000 രൂപ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ ജീവനക്കാരി വിസമ്മതിച്ചതോടെയാണ് ക്രൂരകൃത്യം നടന്നതെന്ന് പരാതിയില്‍ പറയുന്നു.

പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചെന്നും, തുടര്‍ന്ന് 25,000 രൂപ ബലം പ്രയോഗിച്ച് വാങ്ങിയ ശേഷം സംഘം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായും പൊലീസ് വ്യക്തമാക്കി. പ്രധാന പ്രതിയായ സുബിന്‍ അലക്‌സാണ്ടറിനെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും, ഇയാള്‍ കാപ്പാ നിയമപ്രകാരം പട്ടികപ്പെടുത്തിയ കുറ്റവാളിയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.