അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ച ഗസ്സ പദ്ധതിക്ക് യു.എന്‍ രക്ഷാ സമിതി അംഗീകാരം നല്‍കിയതോടെ, ഫലസ്തീന്‍ വീണ്ടും ലോകശ്രദ്ധയുടെ കേന്ദ്രബിന്ദുവായിരിക്കുകയാണ്. 15 അംഗ രക്ഷാ സമിതിയിലെ 13 രാജ്യങ്ങളുടെ പിന്തുണയോടെ പാസ്സായ പ്രമേയം, ഗസ്സയെ കീറിമുറിക്കാനും അന്താരാഷ്ട്ര സൈന്യത്തെ വിന്യസിക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍, ഒരു ‘നിര്‍ണ്ണായക ചുവടുവെപ്പ്’ എന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വിശേഷിപ്പിച്ച ഈ നീക്കം, മേഖലയില്‍ നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് ശമനം നല്‍കുമോ, അതോ പുതിയ അസ്വാരസ്യങ്ങള്‍ക്ക് വഴി തുറക്കുമോ എന്നതാണ് ഉയരുന്ന അടിസ്ഥാന ചോദ്യം.
റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നെങ്കിലും, ശക്തമായ പിന്തുണയോടെയാണ് പ്രമേയം രക്ഷാസമിതി അംഗീകരിച്ചത്. രണ്ടാംഘട്ട വെടിനിര്‍ത്തലിനും ദ്വിരാഷ്ട്ര പരിഹാരമെന്ന ദീര്‍ഘകാല ലക്ഷ്യത്തിലേക്കും ഇത് വഴിയൊരുക്കുമെന്നാണ് ഗുട്ടറസ് പ്രതീക്ഷിക്കുന്നത്. ഫലസ്തീനികളുടെ സമാധാന ജീവിതം ഉറപ്പുവരുത്തുന്നതും സ്വയം നിര്‍ണയാവകാശം അംഗീകരിക്കുന്നതുമാണ് പ്രമേയമെന്ന നിലപാടാണ് ഫലസ്തീന്‍ അതോറിറ്റിയും സ്വീകരിച്ചിരിക്കുന്നത്. പ്രമേയത്തെ സമാധാന ശ്രമമായി ഇവരൊക്കെ കാണാന്‍ ശ്രമിക്കുമ്പോഴും അതിന്റെ ഉള്ളടക്ക ത്തെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമാണ്.
ഗസ്സയുടെ പ്രതിരോധ ശക്തിയായ ഹമാസ് യു.എന്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ്. അന്താരാഷ്ട്ര സേനയുടെ സാന്നിധ്യം അംഗീകരിക്കില്ലെന്നും നടപടി ഗുണം ചെയ്യില്ലെന്നുമാണ് അവരുടെ നിലപാട്. ഗസ്സയുടെ ഭൂമിശാസ്ത്രപരമായ സമഗ്രതയെ തകര്‍ക്കുന്നതും വിദേശ ശക്തിക്ക് മേഖലയില്‍ നേരിട്ടുള്ള സ്വാധീനം നല്‍കുന്നതുമാണ് പദ്ധതി. ഇസ്രാഈലിന്റെ അധിനിവേശത്തെ തടയാനോ, ഗസ്സയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേ റ്റാനോ അല്ലാതെ, മേഖലയെ നിയന്ത്രിക്കാന്‍ വരുന്ന അന്താ രാഷ്ട്ര സൈന്യത്തിന്റെ സാന്നിധ്യം പുതിയ സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്താന്‍ സാധ്യതയുണ്ട്. ഫലസ്തീന്‍ അതോറിറ്റി ഈ നീക്കത്തെ പിന്തുണയ്ക്കുമ്പോഴും, ഈ പ്രമേയം ഫലസ്തീനികളുടെ അടിസ്ഥാന ആവശ്യങ്ങളെ എത്രത്തോളം നിറവേറ്റുന്നുണ്ട് എന്ന ചോദ്യം പ്രസക്തമാണ്.
പ്രമേയം രണ്ടാംഘട്ട വെടിനിര്‍ത്തലിന് ഊന്നല്‍ നല്‍കുന്നുണ്ടെങ്കിലും, ഒരു സ്ഥിരമായ വെടിനിര്‍ത്തലിനെക്കുറിച്ച് വ്യക്തമായ ഉറപ്പുകളില്ല. ഇസ്രാഈല്‍ അധിനിവേശത്തില്‍ നിന്നുള്ള സംരക്ഷണം എന്ന ഫലസ്തീന്‍ ആവശ്യം പ്രമേയത്തില്‍ വേണ്ടത്ര പരിഗണിക്കുന്നില്ല. അന്താരാഷ്ട്ര സേനയുടെ വി ന്യാസം ഇസ്രാഈലിന്റെ സൈനിക നടപടികളെ എത്രത്തോളം നിയന്ത്രിക്കുമെന്നതിലും വ്യക്തതയില്ല. ഗസ്സയിലേക്കുള്ള അവശ്യസാധനങ്ങളുടെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പുവരുത്തേണ്ടത് അടിയന്തര ആവശ്യമാണ്. എന്നാല്‍, ഈ പദ്ധതി ഇതിനെക്കുറിച്ച് കൃത്യമായ ഉറപ്പുകള്‍ നല്‍കുന്നില്ല. ദ്വിരാഷ്ട്ര പരിഹാരമെന്ന ലക്ഷ്യത്തിലേക്ക് വഴിതുറക്കും എന്ന് പറയുന്നുണ്ടെങ്കിലും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന്റെ രൂപീകരണത്തിന് പദ്ധതി നേരിട്ട് ഉറപ്പുനല്‍കുന്നില്ല. ഫലസ്തീനികളുടെ അതിജീവനത്തിനും സ്വയംനിര്‍ണ്ണയാ വകാശത്തിനും വേണ്ടി നിലകൊള്ളുന്നതിനേക്കാള്‍, ഗസ്സ യിലെ സാഹചര്യം ‘നിയന്ത്രിക്കാന്‍’ വേണ്ടിയുള്ള താല്‍ക്കാലിക പരിഹാരമായേ പദ്ധതിയെ കാണാനാകൂ എന്നതാണ് യാഥാര്‍ത്ഥ്യം.
നിലവിലെ ഗസ്സയെ മൂന്ന് ഭാഗങ്ങളാക്കി വിഭജിക്കുന്നതാണ് ട്രംപ് മുന്നോട്ടുവച്ച ഗസ്സ പദ്ധതി. ഇസ്രാഈലി സൈന്യത്തിന്റെയും അന്താരാഷ്ട്ര സൈന്യത്തിന്റെയും നിയന്ത്രണത്തിലുള്ള ഗ്രീന്‍ സോണ്‍ നിര്‍മ്മിക്കാനുള്ള വന്‍ പദ്ധതിക്കാണ് യു.എസ് കോപ്പുകൂട്ടുന്നത്. ഇതോടെ ഫലസ്തീനി കള്‍ മുഴുവന്‍ നിലവിലെ ഗസ്സയുടെ പകുതി ഭൂപ്രദേശം മാത്രം വരുന്ന റെഡ്‌സോണിലേക്ക് ആട്ടിയോടിക്കപ്പടും. ഗ്രീന്‍, റെഡ് സോണുകള്‍ക്കിടയിലെ ഇടനാഴിയായ യെല്ലോ സോണില്‍ ഇസ്രാഈല്‍ – അന്താരാഷ്ട്ര സൈന്യം നിലയുറപ്പിക്കും. മാത്രമല്ല, അന്താരാഷ്ട്ര സൈന്യം എന്ന പേരില്‍ വിന്യ സിക്കപ്പെടുന്നത് യു.എന്‍ സമാധാന സേനയായിരിക്കില്ല. പകരം യു.എസ് നിര്‍ദേശിക്കുന്ന ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള സൈന്യത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സേനയായിരിക്കും. പരിശീലനം ലഭിച്ച ഫലസ്തീന്‍ പൊലീസ് സേനക്കൊപ്പമായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ഫ ലത്തില്‍ ഇസ്രാഈല്‍ താല്‍പര്യങ്ങളെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
ഗസ്സ പദ്ധതിയുടെ അംഗീകാരം ഒരു വഴിത്തിരിവാണ്. ഇത് സമാധാനത്തിന്റെ ദിശയിലേക്ക് വഴി തുറക്കുമോ, അതോ ഗസ്സയുടെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ അഖണ്ഡതയെ തകര്‍ത്ത് പുതിയ അധികാര കേന്ദ്രങ്ങളെ സൃ ഷ്ടിക്കുമോ എന്നത് വരും ദിവസങ്ങളിലെ സംഭവവികാസങ്ങളെ ആശ്രയിച്ചിരിക്കും. ഫലസ്തീനികളുടെ ന്യായമായ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കാതെ ഒരു സമാധാന ശ്രമവും വിജയിക്കില്ല. അതിനാല്‍, യു.എന്‍ രക്ഷാ സമിതിയുടെ ഈ നീക്കം ഒരു ‘നിര്‍ണ്ണായക ചുവടുവെപ്പാകണമെങ്കില്‍’, അത് തദ്ദേശീയ ജനതയുടെ അതിജീവനത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള ഉറപ്പുകള്‍ നല്‍കേണ്ടതുണ്ട്.