main stories

ഗസ്സ യുദ്ധം നിര്‍ത്തണം; ഇറാനെ ആക്രമിക്കില്ല – നെതന്യാഹുവിനോട് ട്രംപ്

By webdesk17

June 11, 2025

തെല്‍ അവിവ്: ഗസ്സ അധിനിവേശം സ്ഥിരമായി നിര്‍ത്താന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ തിങ്കളാഴ്ച നടന്ന 40 മിനുട്ട് ഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ഇറാനെ ആക്രമിക്കാന്‍ ഇപ്പോള്‍ ഉദ്ദേശ്യമില്ലെന്നും ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗസ്സ അധിനിവേശം ഇനിയും നീട്ടിക്കൊണ്ടു പോകരുതെന്നും താല്‍ക്കാലിക വെടിനിര്‍ത്തല്‍ അല്ല, സ്ഥിരമായുള്ള സൈനിക പിന്മാറ്റമാണ് വേണ്ടതെന്നും ട്രംപ് ആവശ്യപ്പെട്ടു. മിഡില്‍ ഈസ്റ്റിലെ യുഎസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവച്ച 60 ദിവസ വെടിനിര്‍ത്തല്‍ കൊണ്ട് കാര്യമില്ലെന്നും ട്രംപ് അറിയിച്ചു. ഇസ്രാഈലിലെ ചാനല്‍ 12, കാന്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ എന്നിവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇറാന്റെ ആണവ പദ്ധതി നിയന്ത്രിക്കുന്നതിനായി ഒമാന്റെ മധ്യസ്ഥതയില്‍ നടന്നുവരുന്ന ചര്‍ച്ച പരാജയപ്പെട്ടാലും ഇറാനെ ആക്രമിക്കുക എന്നത് ഇപ്പോള്‍ പദ്ധതിയില്‍ ഇല്ലെന്ന് ട്രംപ് പറഞ്ഞു. ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ ഇസ്രാഈലിന് ഇറാനെ ആക്രമിക്കാമോ എന്ന നെതന്യാഹുവിന്റെ ചോദ്യത്തിന് ട്രംപ് വ്യക്തമായ മറുപടി നല്‍കിയില്ല. – റിപ്പോര്‍ട്ടില്‍ പറയുന്നു.