കോഴിക്കോട് കുറ്റിയാടി കായക്കൊടിയില്‍ ഭൂചലനം സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂമിക്കടിയില്‍ ഉണ്ടായത് ചെറിയ ചലനമാണെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി. ഭൂമികുലുക്കം ഉണ്ടായതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രദേശത്ത് പഠനം നടത്തും.
കുറ്റിയാടി കായക്കൊടി ഗ്രാമപഞ്ചായത്തിലെ 4,5 വാര്‍ഡുകളായ എളളിക്കാംപാറ, പുന്നത്തോട്ടം,കരിമ്പാലക്കണ്ടി,പാലോളി തുടങ്ങിയ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടെന്നാണ് പ്രദേശവാസികള്‍ അധികൃതരെ അറിയിച്ചത്.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ചെറിയ ശബ്ദം കേട്ടെന്നും രാത്രി എട്ട് മണിയോടെ സെക്കന്റുകള്‍ നീണ്ടു നിന്ന ശബ്ദത്തിനൊപ്പം കുലുക്കം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. പരിഭ്രാന്തരായ ജനങ്ങള്‍ വീടു വിട്ട് പുറത്തിറങ്ങുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത്, വില്ലേജ് അധികൃതരും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.