മെൽബൺ: ഡിസംബർ 14ന് ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ നടന്ന ‘ഹനുക്ക’ ജൂത പരിപാടിക്കിടെയുണ്ടായ കൂട്ടവെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ട സംഭവത്തിൽ, ഒരു തോക്കുധാരിയെ ധീരമായി നേരിട്ട് കീഴടക്കിയ സിഡ്‌നി സ്വദേശിയായ കടയുടമ അഹമ്മദ് അൽ അഹമ്മദ് തന്റെ ഇടപെടലിന്റെ പിന്നിലെ മനോഭാവം പങ്കുവെച്ചു. ബി.ബി.സി.യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നിർണായക നിമിഷങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്.
സിറിയയിൽ ജനിച്ചു വളർന്ന അഹമ്മദ്, ആക്രമണത്തിനിടെ രണ്ട് തോക്കുധാരികളിലൊരാളായ സാജിദ് അക്രത്തെ പിന്നിൽ നിന്ന് പിടികൂടി ആയുധം പിടിച്ചുപറിക്കുകയായിരുന്നു. ‘വലതുകൈ കൊണ്ട് അവനെ പിടിച്ച് തോക്ക് താഴെയിടാൻ ആവശ്യപ്പെട്ടു. നിരപരാധികൾ കൊല്ലപ്പെടാതിരിക്കാൻ ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കുക എന്നതായിരുന്നു എന്റെ ഏക ലക്ഷ്യം’ — അഹമ്മദ് പറഞ്ഞു.
ആ നിമിഷത്തെ മാനസികാവസ്ഥയെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം, ‘എന്തോ ഒരു ശക്തി എന്റെ ശരീരത്തിലും തലച്ചോറിലും നിന്നു എന്നെ അതിന് പ്രേരിപ്പിച്ചു. എന്റെ മുന്നിൽ ആളുകൾ കൊല്ലപ്പെടുന്നത് കാണാൻ കഴിഞ്ഞില്ല. രക്തവും വെടിവെയ്പ്പിന്റെ ശബ്ദവും സഹിക്കാനായില്ല. സഹായത്തിനായി നിലവിളിക്കുന്നവരെ കാണാൻ എനിക്കാവില്ലായിരുന്നു. എന്റെ ആത്മാവാണ് എന്നോട് അങ്ങനെ ചെയ്യാൻ പറഞ്ഞത്’ എന്നും വ്യക്തമാക്കി.
രണ്ടാമത്തെ തോക്കുധാരിയിൽ നിന്ന് നിരവധി തവണ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന അഹമ്മദ്, തന്റെ ഇടപെടൽ പല ജീവനുകളും രക്ഷിച്ചുവെന്ന് വിശ്വസിക്കുന്നുവെങ്കിലും, ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ദുഃഖവും വേദനയും ഇപ്പോഴും മനസ്സിലുണ്ടെന്നും പറഞ്ഞു.
1996ന് ശേഷമുള്ള ഓസ്‌ട്രേലിയയിലെ ഏറ്റവും മാരകമായ കൂട്ടവെടിവെപ്പായ ഈ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജൂത സമൂഹത്തെ ലക്ഷ്യമിട്ട ഭീകരാക്രമണമാണെന്ന് പൊലീസ് സംഭവത്തെ സ്ഥിരീകരിച്ചു.
അഹമ്മദ് കീഴടക്കിയ സാജിദ് അക്രത്തെ പൊലീസ് വെടിവച്ചു കൊന്നു. ആക്രമണത്തിനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റൊരു തോക്കുധാരിയായ നവീദിനെതിരെ 15 കൊലപാതക കുറ്റങ്ങൾ ഉൾപ്പെടെ ഒരു തീവ്രവാദ ആക്രമണവും ചേർത്ത് ആകെ 59 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.