kerala

വാല്‍പ്പാറ വാഹനാപകടം; ഇരകളെ സര്‍ക്കാര്‍ പരിഗണിച്ചില്ല, ധനസഹായം മുഖ്യമന്ത്രി ഇടപെട്ട് മാറ്റിവെപ്പിച്ചു; മഞ്ഞളാംകുഴി അലി എം.എല്‍.എ

By webdesk18

April 25, 2026

വാല്‍പ്പാറ വാഹനാപകടത്തിലെ ഇരകളെയും പരിക്കേറ്റവരെയും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ. ധനസഹായം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നെങ്കിലും പിന്നീട് അതേക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. അദ്ദേഹം ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ട് പിന്നെ നോക്കാം എന്ന് പറഞ്ഞ് മാറ്റിവെച്ചതായാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ മരിച്ച 10 പേരുടെ ആശ്രിതര്‍ക്കും ധനസഹായം നല്‍കണമെന്നും പരിക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് മഞ്ഞളാംകുഴി എംഎല്‍എയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ളവരടക്കമുള്ള ഇരകള്‍ക്ക് സര്‍ക്കാര്‍ നയാ പൈസ പോലും ഇതുവരെ നല്‍കിയിട്ടില്ല, ഇത്ര വലിയ ദുരന്തം നടന്നിട്ടും സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരം നല്‍കാത്തത് നീതീകരിക്കാനാവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. . ‘ഇന്നലെ ഞാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ കണ്ട് വീണ്ടും സംസാരിച്ചിരുന്നു. അദ്ദേഹം ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നും എന്തെങ്കിലും ഒരു തീരുമാനം എടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷ ഉപനേതാവിനോടും ഞങ്ങള്‍ ഈ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹവും അവരുമൊക്കെയായി ബന്ധപ്പെട്ട് പെട്ടെന്ന് തന്നെ തുക പാസാക്കി തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്’ -എം.എല്‍.എ പറഞ്ഞു.

‘പരിക്കേറ്റവരുടെ തുടര്‍ ചികിത്സയാണ് നമ്മള്‍ അത്യാവശ്യമായി ആവശ്യപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. ഇതൊരു അത്യാവശ്യ കാര്യമാണെന്ന് മനസ്സിലാക്കാതെയാണോ അതോ മനസ്സിലാക്കിയിട്ട് അത് നടത്താത്തതാണോ എന്നറിയില്ല. വലിയ ദുഃഖകരമായ കാര്യം തന്നെയാണത്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് വേണ്ട കാര്യങ്ങള്‍ ചെയ്യണം. ഇനി അഥവാ ഒരു നയാ പൈസ സര്‍ക്കാര്‍ തന്നിട്ടില്ലെങ്കിലും ചികിത്സ നമ്മള്‍ വളരെ ഭംഗിയായി നടത്തും. എന്തൊക്കെ നമുക്ക് ചെയ്യാന്‍ പറ്റുമോ ആ കാര്യങ്ങളൊക്കെ നടത്തും. എല്ലാവരുടെയും സഹായത്തോടെ ഇക്കാര്യങ്ങള്‍ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകും

സര്‍ക്കാറില്‍നിന്ന് പണം കിട്ടിയില്ല എന്നു പറഞ്ഞ് ചികിത്സ നീട്ടാന്‍ പറ്റില്ല, പണം ലഭിക്കാന്‍ ആവശ്യമായ എല്ലാ വഴികളും തേടും. എങ്ങനെയെങ്കിലും ആ ഫണ്ട് വാങ്ങി നല്‍കണം. കൂടാതെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് അടക്കം മരിച്ചവരുടെ ലീഗല്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കണം. പത്തുപേരാണ് മരിച്ചത്. ഇവരുടെ പേപ്പേഴ്‌സ് എല്ലാം ശരിയാക്കി ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യണം. ഇതിനാവശ്യമായ പണം കണ്ടെത്താന്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്’ -അദ്ദേഹം പറഞ്ഞു.