kerala

സര്‍ക്കാര്‍ കുടിശ്ശിക നല്‍കിയില്ല; കോട്ടയം മെഡിക്കല്‍ കോളജിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ തിരിച്ചെടുത്തു

By webdesk18

October 21, 2025

16 മാസത്തെ കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വിതരണക്കാര്‍ തിരിച്ചെടുത്തു തുടങ്ങി. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സ്‌റ്റെന്റും അനുബന്ധ ഉപകരണങ്ങളുമാണ് തിരിച്ചെടുത്തത്.

കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളുകളിലെയും എറണാകുളം ജനറല്‍ ആശുപത്രിയിലെയും ഉപകരണങ്ങള്‍ തിരിച്ചെടുക്കുന്നതില്‍ ഇന്ന് രാത്രി ചേരുന്ന വിതരണക്കാരുടെ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.

നാലു കോടിയിലധികം രൂപ വിലമതിക്കുന്ന ഉപകരണങ്ങളാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് പിടിച്ചെടുത്തത്. നാളെയും ഉപകരണങ്ങള്‍ തിരിച്ചെടുക്കല്‍ നടപടി തുടരാനാണ് സാധ്യത.

18 മാസത്തെ കുടിശ്ശികയില്‍ 2 മാസത്തെ കുടിശ്ശിക മാത്രമാണ് നല്‍കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹൃദയശാസ്ത്രക്രിയ ഉപകരണങ്ങള്‍ വിതരണം ചെയ്തവരുടെ കുടിശിക മുടങ്ങിയതിനെത്തുടര്‍ന്ന് വിതരണം ചെയ്ത ശാസ്ത്രക്രിയ ഉപകരണങ്ങള്‍ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ എത്തി തിരിച്ചെടുക്കാന്‍ ആരംഭിച്ചു. 158 കോടിയിലധികം രൂപ കുടിശ്ശികയായതിനെ തുടര്‍ന്നാണ് കമ്പനികളുടെ നടപടി.

ഹൃദയ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയാണ് ഇതോടെ പ്രതിസന്ധിയിലായത്. 10 ദിവസത്തിനുള്ളില്‍ കുടിശ്ശിക തീര്‍ക്കുമെന്ന ഡിഎംഇയുടെ ഉറപ്പ് പാഴായി. സംസ്ഥാനത്തെ ഹൃദയശസ്ത്രക്രിയാ ഉപകരണ പ്രതിസന്ധിയില്‍ നേരത്തെ സ്‌റ്റെന്റ് വിതരണം നിര്‍ത്തിവെച്ച കമ്പനികള്‍ക്ക് കോഴിക്കോട് തിരുവനന്തപുരം മെഡിക്കല്‍ കോളജുകള്‍ 19 കോടി നല്‍കിയതോടെയാണ് ആരോഗ്യ വകുപ്പിന് ആശ്വാസമായത്. കുടിശ്ശിക 150 കോടി കടന്നതോടെ സെപ്റ്റംബര്‍ മുതല്‍ സ്‌റ്റോക്ക് വിതരണം നിര്‍ത്തിവച്ചിരുന്നു.