kerala

ഗവർണർ നിയമസഭയെ അപമാനിച്ചു; അത് പറയാനുള്ള ധൈര്യം പിണറായിക്ക് ഇല്ലെന്ന് കെ മുരളീധരൻ

By webdesk13

January 26, 2024

നയപ്രഖ്യാപന പ്രസം​ഗം ഒരു മിനിറ്റിൽ നിർത്തിപ്പോയ ​ഗവർണർ നിയമസഭയെ അപമാനിച്ചുവെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. ​​ഗവർണർ സഭയെ അവഹേളിച്ചുവെന്ന് പറയാനുള്ള ധൈര്യം പിണറായിക്ക് നഷ്ടപ്പെട്ടു. നയപ്രഖ്യാപനത്തിൽ കേന്ദ്ര വിരുദ്ധ കാഴ്ചപ്പാടില്ല.

ഗവർണർ ഇത്രയേറെ മോശമായി പെരുമാറിയിട്ടും പിണറായി ചിരിച്ച് നിൽക്കുകയാണ്. ​ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. എങ്കിലും മുഖ്യമന്ത്രിയോട് മുഖം വീർപ്പിച്ചിരിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരൻ പറഞ്ഞു.

നയപ്രഖ്യാപനത്തിന് തലേ ദിവസം തന്നെ സ്വന്തം അണികളെ കരിങ്കൊടി കാണിക്കാൻ വിട്ട മുഖ്യമന്ത്രിയുടെ സമീപനവും ശരിയായില്ല. ഓരോ ആഴ്ചയിലും ഡൽഹിയിൽ പോയി വരുന്നയാൾക്ക് പ്രസംഗം വായിക്കാതിരിക്കാനുള്ള ആരോഗ്യ പ്രശ്നം ഒന്നുമില്ല. കേരള സർക്കാരും കേന്ദ്രവുമായുള്ള അന്തർധാര ശക്തമാണ്.

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ താൻ അടക്കമുള്ള എം പിമാരെ സമരത്തിന് വിളിച്ചത് ഇപ്പോൾ സെമിനാറായി മാറി. മോദി താഴെ ഇറങ്ങുന്നത് വരെ കേന്ദ്രവിരുദ്ധ സമരമില്ല എന്ന് പിണറായി തീരുമാനിച്ചിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് വിമർശിച്ചു.