editorial

വലിയുന്ന ട്രംപ് തെളിയുന്ന സമാധാനം

By webdesk17

January 19, 2026

മൂന്നാഴ്ചയോളമായി ഇറാന്റെ തെരുവുകളെ പിടിച്ചുലച്ച ബഹുജനപ്രക്ഷോഭം തണുക്കുമ്പോള്‍ പശ്ചിമേഷ്യ ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുകയാണ്. കഴിഞ്ഞ നാല് ദിവസമായി സംഘര്‍ഷങ്ങളോ കാര്യമായ അക്രമസംഭവങ്ങളോ ഉണ്ടായില്ലെന്ന റിപ്പോര്‍ട്ടുകള്‍ സമാധാന കാംക്ഷികള്‍ക്ക് ആഹ്ലാദം നല്‍കുമ്പോള്‍ അമേരിക്കക്ക് അതു സമ്മാനിച്ചിരിക്കുന്നത് നിരാശയും ജാള്യതയുമാണ്.

വെനസ്വേല നല്‍കിയ ആവേശത്തില്‍ അടുത്ത കടന്നാക്രമണത്തി ന് തക്കംപാര്‍ത്തുനിന്ന ട്രംപിനും കൂട്ടര്‍ക്കും പത്തിമടക്കേണ്ടിവന്നിരിക്കുകയാണ്. ദിവസങ്ങളോളമായി തലസ്ഥാനമായ തെഹ്‌റാന്‍ ശാന്തമാണ്. വെടിവെപ്പുശബ്ദങ്ങളോ തീവെപ്പോ ഒന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഇറാനിലെ പ്രക്ഷോഭം തണുക്കുകയും സഊദി അറേബ്യ, ഖത്തര്‍, ഈജിപ്ത്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഇടപെടുകയും ചെയ്‌തോടെ ട്രംപിന് മറ്റുനിര്‍വാഹങ്ങളൊന്നുമുണ്ടായിരുന്നില്ല.

ഇതോടെ പശ്ചിമേഷ്യയിലെ യുദ്ധഭീതി താല്‍ക്കാലി കമായെങ്കിലും അകലുകയും ഫലസ്തീനിലെ ഇസ്രാഈല്‍ നരനായാട്ടില്‍ കണ്ണീര് കുടിക്കുന്ന ദേശത്തിന് നേരിയ ആശ്വാസമെങ്കിലും ലഭിച്ചിരിക്കുകയുമാണ്. ട്രംപ് ഇറാനോടുള്ള നിലപാട് മയപ്പെടുത്താന്‍ കാരണം ഗള്‍ഫ് സഖ്യകക്ഷികളുടെ സമ്മര്‍ദമാണെന്നതാണ് യാഥാര്‍ത്ഥ്യം.

രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കു നേരെ ഇറാന്‍ ഭരണകൂടം സ്വീകരിക്കുന്ന അടിച്ചമര്‍ത്തലില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന നിരവധി മുന്നറിയിപ്പുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ നിലപാട് മാറ്റം. ഇറാനില്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയ പ്രക്ഷോഭകരോട് അത് തുടര്‍ന്നുകൊള്ളാനും സഹായം വരുന്നുണ്ടെന്നും പറഞ്ഞ ട്രംപ്, പൊടുന്നനെയാണ് തന്റെ നിലപാടുകളില്‍ മാറ്റംവരുത്തിയത്.

അറബ് സഖ്യകക്ഷികളില്‍ നിന്നുള്ള നയത ന്ത്രപരമായ സമ്മര്‍ദ്ദവും യുഎസ് സൈനിക വിന്യാസത്തെക്കുറിച്ചുള്ള ആശങ്കകളും യു.എസിന്റെ നിലവിലെ സമീപനത്തെ സ്വാധീനിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍. നിലവില്‍ അസ്ഥിരമായ പ്രദേശങ്ങളെ യുഎസിന്റെ സൈനിക ഇടപെടല്‍ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്നും ആ ഗോള സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുമെന്നും ഈജിപ്ത്, ഒമാന്‍, സഊദി അറേബ്യ, ഖത്തര്‍ എന്നിവിട ങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിക്കു കയായിരുന്നു.

എന്നാല്‍ ട്രംപിന്റെ നീക്കത്തിന് പിന്നില്‍ എന്താണെന്നത് സമാധാനശ്രമങ്ങളുടെ മേലുള്ള ഭീഷണിയായി നിലനില്‍ക്കുകയാണ്. ട്രംപിന്റെ മനസില്‍ എന്താണെന്ന് അറിയാന്‍ പ്രയാസമാണെന്ന് അദ്ദേഹത്തിന്റെ പ്രസ്സ് സെക്രട്ടറി കരോലിന്‍ ലീവിറ്റിന്റെ വാക്കുകള്‍ ആശങ്കകള്‍ക്ക് അടിത്തറയി ടുകയാണ്. ഇറാനിലെ സാഹചര്യങ്ങള്‍ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലീവിറ്റ് കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

ഇറാനെതിരായ നടപടികളില്‍ നിന്നും പിന്‍വാങ്ങണമെന്ന് സഊദി അറേബ്യ അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ഖത്തറും ഒമാനും ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചതും സംഘര്‍ഷാവസ്ഥ അയയാന്‍ കാരണമായതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ജി.സി.സി കൗണ്‍സിലിലെ രാജ്യങ്ങള്‍ക്ക് ഇറാനുമായി വ്യത്യസ്ഥ ബന്ധമാണുള്ളതെങ്കിലും ഇറാന്റെ പരമോന്നത നേതാവിനെ മാറ്റുകയോ സര്‍ക്കാര്‍ സംവിധാനം തകരുകയോ ചെയ്താല്‍ ഇതിന്റെ അലയൊലികള്‍ ജി.സി.സി രാജ്യങ്ങളെ ഒന്നടങ്കം ബാധിക്കുമെന്നാണ് അവര്‍ കരുതുന്നത്.

2003 ല്‍ ഇറാഖില്‍ അമേരിക്കന്‍ അധിനി വേശം നടന്ന ശേഷം പിന്നീട് അല്‍ഖാഇദയുടേയും ഐ.സിന്റേയും വളര്‍ച്ചക്ക് കാരണമായത് ഇതിന് തെളിവായി ജി.സി.സി രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഏതായാലും പരമാധികാര രാഷ്ട്രങ്ങളില്‍ ആഭ്യന്തര കലഹങ്ങള്‍ സൃഷ്ടിക്കുകയും അതില്‍ നിന്ന് മുതലെടുപ്പ് നടത്തുക മാത്രമല്ല, ഭരണകൂടങ്ങളെ അട്ടിമരിക്കുകയും ചെയ്യുകയെന്ന ഭ്രാന്തന്‍ സമീപനവുമായി മുന്നോട്ടുപോകാന്‍ തയാറെടുക്കുന്ന ട്രംപിന് ലഭിച്ച ഒരു ഷോക്ക് ട്രീറ്റ്‌മെന്റാണ് ഇറാന്‍ എന്ന കാര്യത്തില്‍ സംശയമില്ല. ലോകം തന്റെ കൈയ്യിലെ കളിപ്പാവയല്ലെന്ന ബോധ്യം ഇറാന്‍ സംഭവങ്ങള്‍ ട്രംപിന് സമ്മാനിച്ചുവെന്നത് ആശ്വാസകരമാണ്.