കൊച്ചി: ശിരോവസ്ത്ര വിവാദമുണ്ടായ എറണാകുളം പള്ളുരുത്തി സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി. പള്ളുരുത്തി കച്ചേരിപ്പടി വാര്‍ഡിലാണ് ജോഷി മത്സരിക്കുന്നത്.
കൊച്ചി കോര്‍പ്പറേഷനിലെ 62ാം ഡിവിഷനില്‍ നിന്നായിരിക്കും ജോഷി മത്സരിക്കുക. കോര്‍പ്പറേഷനിലെ പുതിയ വാര്‍ഡ് കൂടിയാണിത്. ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പാളും ജോഷി കൈതവളപ്പിലും നടത്തിയ പ്രസ്താവനകള്‍ വലിയ ചര്‍ച്ചകളിലേക്ക് വഴിവെച്ചിരുന്നു. വിവാദത്തില്‍ സെന്റ് റീത്ത സ്‌കൂളിനെ അനുകൂലിച്ചും വിദ്യാര്‍ത്ഥിയെയും കുടുംബത്തെയും പ്രതികൂലിച്ചുമുള്ള നിലപാടാണ് ഇയാള്‍ സ്വീകരിച്ചിരുന്നത്.
ഒക്ടോബര്‍ രണ്ടാം വാരത്തിലാണ് സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ സ്‌കുള്‍ അധികൃതര്‍ വിലക്കിയെന്ന വാര്‍ത്ത പുറത്തുവന്നത്. സംഭവത്തില്‍ സ്‌കൂളിനെതിരെ കുട്ടിയുടെ കുടുംബം പരസ്യമായി രംഗത്തു വരികയും വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിയും കോടതിയും ഇടപെടുകയും ചെയ്തിരുന്നു. വലിയ ചര്‍ച്ചകളായിരുന്നു വിഷയത്തില്‍ കേരളത്തില്‍ നടന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും സ്‌കൂള്‍ അധികൃതരും പരസ്പരം വാക്ക്പോരിലേക്ക് എത്തുന്ന വിധത്തില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചു.
കോടതി ഇടപെട്ടാണ് ഒടുവില്‍ തര്‍ക്കം അവസാനിപ്പിച്ചത്. കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചതോടെ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ടുള്ള ഹിജാബ് വിവാദത്തിലെ ഹര്‍ജി കേരള ഹൈക്കോടതി അവസാനിപ്പിക്കുകയായിരുന്നു. ആക്ഷേപം ഉയര്‍ന്ന സ്‌കൂളിനെതിരെ കൂടുതല്‍ നടപടികള്‍ക്കൊന്നുമില്ലെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി തീര്‍പ്പാക്കിയത്.