crime

നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച ഹൈകോടതി മുൻ ഗവ. പ്ലീഡർ കീഴടങ്ങി

By webdesk14

January 31, 2024

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ സർക്കാർ പ്ലീഡർ പി.ജി. മനു പൊലീസിൽ കീഴടങ്ങി. പുത്തൻകുരിശ് ഡിവൈഎസ്പി ഓഫിസിൽ എത്തിയാണ് കീഴടങ്ങിയത്. ഇന്നലെ മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി പത്തു ദിവസത്തിനകം കീഴടങ്ങണമെന്ന് നിർദേശിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ നിയമസഹായം തേടിയെത്തിയ തന്നെ മനു പല തവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. താൻ ഉൾപ്പെട്ട മറ്റൊരു കേസിൽ നിയമസഹായം തേടിയാണ് യുവതി അഡ്വ. മനുവിനെ സമീപിച്ചത്. പല തവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും രണ്ടു തവണ ബലാത്സംഗം ചെയ്തെന്നും യുവതി ആരോപിക്കുന്നു. യുവതിയെ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.