kerala

കുളത്തില്‍ മുങ്ങിയ ഗൃഹനാഥനെ വീട്ടമ്മ ധൈര്യമായി രക്ഷപ്പെടുത്തി

By webdesk17

November 15, 2025

കൊടുങ്ങല്ലൂര്‍ : ആഴമുള്ള കുളത്തില്‍ മുങ്ങി ബോധരഹിതനായ ഗൃഹനാഥന്റെ ജീവന്‍ നഷ്ടമാകുന്നതിന് മുമ്പ് വീട്ടമ്മയുടെ അതിസാഹസിക ഇടപെടല്‍ രക്ഷയായി. തിരുവള്ളൂര്‍ സ്വദേശിയും സാമൂഹികപ്രവര്‍ത്തകനുമായ കൊട്ടക്കാട്ട് അജയനെയാണ് സമീപവാസിയായ വീട്ടമ്മ ചിത്രമധു സമയോചിതമായി കുളത്തില്‍ നിന്ന് വലിച്ചെടുത്തത്. അയല്‍വീട്ടിലെ കുളത്തില്‍ മത്സ്യങ്ങള്‍ക്ക് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ നല്‍കാനായിരുന്നു അജയന്‍ പോയത്. പതിവ് സമയത്ത് തിരികെ വരുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടമ്മ സംശയം തോന്നി കുളത്തിനരികിലേക്ക് ചെന്നു നോക്കുകയായിരുന്നു. അപ്പോള്‍ തന്നെയാണ് കുളത്തില്‍ വഴുതി വീണു ബോധരഹിതനായ അവസ്ഥയില്‍ അജയനെ കണ്ടത്. ഉടന്‍ തന്നെ ചിത്രമധു കുളത്തില്‍ ചാടി അജയനെ കരയിലേക്ക്വലിച്ചുകയറ്റി. ശബ്ദം കേട്ട് അജയന്റെ ഭാര്യയും മകളും ഓടിയെത്തി. പള്‍സ് ഇല്ലാതായതോടെ ഫിസിയോതെറാപ്പിസ്റ്റായ മകള്‍ അമൃത ലക്ഷ്മി ഉടന്‍ സി.പി.ആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ അജയനെ കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വീട്ടമ്മയ്ക്കും രക്ഷാപ്രവര്‍ത്തനത്തിനിടെ ചെറിയ പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിന്റെ പോരാട്ടത്തിലൂടെ അജയന്റെ ജീവന്‍ തിരികെ ലഭിച്ചതോടെ പ്രദേശവാസികള്‍ ചിത്രമധുവിനും അമൃത ലക്ഷ്മിക്കും പ്രശംസയറിയിച്ചു.