kerala

മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവം; സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരില്‍ ഉപദ്രവം

By webdesk17

February 02, 2025

മലപ്പുറം എളങ്കൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഗാര്‍ഹിക പീഡനം സഹിക്കാനാവാതെയെന്ന് ആരോപണം. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെയാണ് (25) വ്യാഴാഴ്ച്ച മരിച്ച നിലയില്‍ ഭര്‍തൃവീട്ടില്‍ കണ്ടെത്തിയത്.

യുവതിയെ ഭര്‍ത്താവ് പ്രഭിന്‍ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. 2023 മെയ് മാസത്തിലാണ് വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരു പറഞ്ഞായിരുന്നു യുവതിയെ ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നതെന്ന് വിഷ്ണുജയുടെ കുടുംബത്തിന്റെ പരാതി. പീഡനത്തിന് ഭര്‍ത്താവിന്റെ ബന്ധുക്കളും കൂട്ട് നിന്നതായും യുവതിയുടെ കുടുംബം ആരോപിക്കുന്നു.

ഭര്‍ത്താവ് പ്രഭിനും കുടുംബത്തിനുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിഷ്ണുജയുടെ കുടുംബം രംഗത്തെത്തി. സംഭവത്തില്‍ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.