kerala

ഇറച്ചിയെന്ന് പറഞ്ഞ് കുപ്പിയില്‍ കഞ്ചാവ് നല്‍കിയ സംഭവം; പ്രതികളുമായി സഹകരികില്ലെന്ന് മഹല്ല് കമ്മിറ്റി

By webdesk14

February 10, 2024

അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് കുപ്പിയില്‍ കഞ്ചാവ് നല്‍കിയ സംഭവത്തില്‍ പ്രതികളുമായി യാതൊരു സഹകരണവുമുണ്ടാകില്ലെന്ന് മഹല്ല് കമ്മിറ്റി.

കൊണ്ടോട്ടി ഓമാനൂർ മേലേമ്പ്ര വലിയ ജുമാ മസ്ജിദ് കമ്മിറ്റിയാണ് പ്രതികള്‍ക്കെതിരെ നിലപാടെടുത്തത്. സംഭവം വളരെ ഗൗരവമായിട്ട് തന്നെയാണ് കമ്മിറ്റി കാണുന്നത്. ലഹരി ഉപഭോക്താക്കളോട് അതില്‍ നിന്നും പിന്മാറുന്നത് വരെ മഹല്ല് കമ്മിറ്റി യാതൊരു സഹകരണവും ഉണ്ടായിരിക്കുന്നതല്ലെന്നും കമ്മിറ്റി പുറത്തിറക്കിയ നോട്ടീസില്‍.

സംഭവം കേസായതോടെ കഴിഞ്ഞ ദിവസം പൗരസമിതി യോഗം ചേരുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നാട്ടില്‍ വർദ്ധിച്ചു വരുന്ന ഇത്തരം മദ്യം മയക്കുമരുന്ന് കഞ്ചാവ് തുടങ്ങിയ ലഹരി ഉപയോഗത്തിനെതിരെയും വിപണനത്തിനെതിരെയും ശക്തമായും കമ്മിറ്റി പ്രതികരിക്കുന്നതാണ് എന്നും നോട്ടീസില്‍ പറയുന്നുണ്ട്. പ്രവർത്തക സമിതിയില്‍ ഈ വിഷയം ചർച്ച ചെയ്തതും ഉടൻ തന്നെ അത് നടപ്പിലാക്കുന്നതുമാണെന്നും മഹല്ല് കമ്മിറ്റി.

ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസല്‍ അവധി കഴിഞ്ഞ് തിരിച്ച്‌ പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയില്‍ കഞ്ചാവ് വെച്ച്‌ കൊടുത്തയക്കാൻ ശ്രമിച്ചത്. ഗള്‍ഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഷമീം പറഞ്ഞത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നല്‍കിയ പെട്ടിയിലെ വസ്തുക്കള്‍ മാറ്റി പായ്ക്ക് ചെയ്യാൻ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസ്സിലായത്. തുടർന്ന് വിശദമായി പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് പായ്ക്കില്‍ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയില്‍ കഞ്ചാവടങ്ങിയ ബോട്ടില്‍ കണ്ടെത്തിയത്.