kerala

അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ സംഭവം; വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

By webdesk17

January 22, 2025

മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഭവം നടന്നത്. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരാന്‍ അനുവാദമില്ല. ഇത് ലംഘിച്ച് വിദ്യാര്‍ത്ഥി മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടു വരുകയായിരുന്നു.

പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ അധ്യാപകന്‍ പ്രിന്‍സിപ്പലിനെ ഏല്‍പ്പിച്ചു. എന്നാല്‍ മൊബൈന്‍ ഫോണ്‍ തിരികെ ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന് മുന്നില്‍ കൊലവിളി നടത്തുകയായിരുന്നു. മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് നാട്ടുകാരോട് പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥി ഭീഷണി നടത്തിയത്.

ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. എന്നാല്‍ ഫോണ്‍ തിരികെ നല്‍കുന്നില്ലെന്ന് കണ്ടതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു പ്രധാന അധ്യാപകനു നേരെ വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്ത് ചെയ്യും എന്ന് അധ്യാപകന്‍ ചോദിച്ചപ്പോള്‍ കൊന്നു കളയുമെന്നായിരുന്നു വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ തൃത്താല പൊലീസില്‍ പരാതി നല്‍കി.