kerala

പത്തനംതിട്ടയില്‍ കാട്ടാന ചെരിഞ്ഞ സംഭവം; വിശദമായ അന്വേഷണത്തിന് ഉത്തരവ്

By webdesk17

May 12, 2025

പത്തനംതിട്ട കോന്നിയില്‍ കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവ്. കോന്നി ഡിവിഷനിലെ നടുവത്തുമുഴി റെയ്ഞ്ചിന് കീഴില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം അസ്വാഭാവികമായ രീതിയില്‍ കാട്ടാന ചെരിഞ്ഞ സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവ്.

വനം വിജിലന്‍സ് വിഭാഗം വിശദമായ അന്വേഷണം നടത്തുമെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. നേരത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രൂപീകരിച്ച മൂന്നംഗ സമിതിയുടെ അന്വേഷണത്തിന് പുറമെയാണിത്.

സൗരോര്‍ജ്ജ വേലിയില്‍ നിന്നും ഷോക്കേറ്റ് കാട്ടാന ചെരിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ.

അതേസമയം സംഭവം കണ്ടെത്തുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും കാലതാമസം നേരിട്ടതായി ബോധ്യപ്പെട്ടതിനാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മനപൂര്‍വ്വമായ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നും വിജലന്‍സ് വിഭാഗം പരിശോധിക്കുന്നുണ്ട്.