kerala

മദ്യപിച്ച് ഓടിച്ച കാറിടിച്ചു ആശുപത്രി ജീവനക്കാരി മരിച്ച സംഭവം; മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്

By webdesk14

August 12, 2023

നിയന്ത്രണം വിട്ട കാറിടിച്ച് ആശുപത്രി ജീവനക്കാരി മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന യുവാവിനെ റിമാന്‍ഡ് ചെയ്തു. മദ്യപിച്ച് കാറോടിച്ച യുവാവിനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് കച്ചേരിപ്പടി കോട്ടോപ്പാടം കോല്‍ക്കാട്ടില്‍ മുഹമ്മദ് റിയാസി(26)നെയാണ് അറസ്റ്റു ചെയ്തത്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ പെരിന്തല്‍മണ്ണ പാതായ്ക്കര വളവിലുണ്ടായ അപകടത്തില്‍ പാതായ്ക്കര മനപ്പടി മണ്ണുപറമ്പില്‍ നളിനി(56) യാണ് മരിച്ചത്. വിദ്യാര്‍ഥികളുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ രണ്ടുപേര്‍ക്കു ഗുരുതര പരിക്കേറ്റു. അമിതവേഗതയില്‍ വാഹനമോടിച്ച് അപകടം വരുത്തിയതിന് കേസെടുത്തിരുന്നു.

പിന്നീട് പ്രതി മദ്യപിച്ചാണ് വാഹനമോടിച്ചതെന്നു വ്യക്തമായതോടെയാണ് മനഃപൂര്‍വമല്ലാത്ത നരഹത്യക്കുള്ള വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റു ചെയ്തത്. പെരിന്തല്‍മണ്ണ രാംദാസ് ആശുപത്രിയിലെ ജീവനക്കാരിയായ നളിനി ജോലി സ്ഥലത്ത് നിന്നു വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബസിറങ്ങി റോഡരികിലൂടെ നടക്കുമ്പോള്‍ അമിതവേഗതയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു.