kerala

വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെ; പി.എം.എ സലാം

By webdesk18

June 08, 2025

വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒന്നാം പ്രതി സർക്കാരാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. കൃത്യവിലോപവും കെടുകാര്യസ്ഥതയുമാണ് ഈ സർക്കാറിന്റെ മുഖമുദ്ര. ഈ പ്രദേശത്തെ ജനം ഏഴ് മാസം മുമ്പ് പരാതി നൽകിയിട്ടുണ്ട്.

ഗുരുതരമായ അവസ്ഥയുണ്ടായിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. കൃഷിയെ വന്യമൃഗങ്ങളിൽനിന്ന് രക്ഷിക്കാനല്ല, മൃഗങ്ങളെ പിടിച്ച് ബിസിനസ്സ് നടത്താനാണ് ഇത് ചെയ്തത്. വൈദ്യുതി ബോർഡ് തിരിഞ്ഞ് നോക്കിയില്ല. വനം വകുപ്പ് അന്വേഷിച്ചില്ല.

ജനം വഴിനടക്കുന്ന തോടാണിത്. വലിയ അപകടമുണ്ടാകും എന്ന് അറിഞ്ഞ് കൊണ്ടാണ് ഇത് ചെയ്യുന്നത്. നിസ്സംഗമായി ഇത്തരം സാഹചര്യങ്ങളിൽ നിലകൊള്ളുന്നതാണ് അപകടത്തിന് കാരണം. സർക്കാർ ഉത്തരവാദിത്തം നിർവ്വഹിക്കാത്തത് കൊണ്ടാണ് വിലപ്പെട്ട ഒരു ജീവൻ പോയത്. നമുക്ക് അന്നം തരുന്ന കർഷകർക്ക് മരണമാണ് സർക്കാർ പകരം കൊടുക്കുന്നത്. വനം മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്.

വൈദ്യുതി വലിച്ചതും കുട്ടി മരിച്ചതുമൊക്കെ ഗൂഢാലോചനയുടെ ഭാഗമാണോ? കേരളത്തിലെ ഒരു ഉത്തരവാദിത്തമുള്ള മന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടത്? ആ കുട്ടിയുടെ കുടുംബത്തിന് നീതി വേണം എന്ന് പറയുന്നത് എങ്ങനെയാണ് ഗൂഢാലോചനയാകുന്നതെന്നും പി.എം.എ സലാം ചോദിച്ചു.