kerala

രണ്ടരവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു

By webdesk18

January 30, 2025

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ ഹരികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി പൊലീസിനോട് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദേവേന്ദുവിനെ ജീവനോടെയാണ് കിണറ്റിലെറിഞ്ഞതെന്ന് തെളിഞ്ഞിരുന്നു.

സംഭവത്തില്‍ കുട്ടിയുടെ അമ്മ ശ്രീതുവിന്റെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ അമ്മക്കെതിരെ ഇതുവരെയും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതേ സമയം കുട്ടിയുടെ മുത്തശി ശ്രീകലയേയും അച്ഛന്‍ ശ്രീജിത്തിനേയും നിരപരാധികളാണന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് വിട്ടയച്ചു.

കുട്ടിയുടെ പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ടില്‍ ശ്വാസകോശത്തില്‍ വെള്ളം കയറിയ നിലയിലാണെന്നും കുഞ്ഞിന്റെ ശരീരത്തില്‍ മറ്റ് മുറിവുകളില്ലെന്നും കണ്ടെത്തിയിരുന്നു. അതേ സമയം ദേവേന്ദുവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി. മുത്തശ്ശിയും അച്ഛനും സ്റ്റേഷനില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്.