india

നിർമാണ കുഴിയിൽ കാർ മറിഞ്ഞ് യുവാവ് മരിച്ച സംഭവം; നിർമാണകമ്പനി ഉടമ അറസ്റ്റിൽ

By sreenitha

January 20, 2026

നോയിഡ: നിർമാണത്തിനായി കുഴിച്ച കുഴിയിൽ കാർ വീണ് യുവാവ് മരിച്ച സംഭവത്തിൽ നിർമാണകമ്പനി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ടൗൺ പ്ലാനേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപന ഉടമകളിൽ ഒരാളായ അഭയ് കുമാറാണ് പിടിയിലായത്. കേസിലെ മറ്റൊരു ഉടമയായ മനീഷ് കുമാറിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു. അതേസമയം, നോയിഡ അതോറിറ്റി സിഇഒ എം. ലോകേഷിനെ ചുമതലയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റോഡിൽ നിന്ന് തെന്നിമാറിയ യുവ സോഫ്റ്റ്‌വെയർ എൻജിനീയർ യുവരാജ് മേത്ത ഓടിച്ച ഗ്രാൻഡ് വിറ്റാര കാർ, വെള്ളം നിറഞ്ഞ് കിടക്കുന്ന ഏകദേശം 20 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. 2021-ൽ നിർമാണത്തിനായി കുഴിച്ച കുഴി വർഷങ്ങളായി മൂടാതെയും സുരക്ഷാ ക്രമീകരണങ്ങളില്ലാതെയും കിടക്കുകയായിരുന്നു.

നീന്തൽ അറിയാത്ത യുവരാജ് അപകടത്തിന് ശേഷം ഒന്നര മണിക്കൂറിലേറെ സമയം ജീവനോടെ ഉണ്ടായിരുന്നതായി വിവരം. അപകടം നടന്ന ഉടൻ തന്നെ യുവരാജ് അച്ഛനെ ഫോണിൽ വിളിച്ചിരുന്നുവെന്നും പറയുന്നു. കുടുംബാംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കനത്ത മൂടൽമഞ്ഞ് കാരണം കാർ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് പൊലീസ്, ഫയർഫോഴ്‌സ്, എസ്‌ഡിആർഎഫ് സംഘങ്ങൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

നിർമാണ കുഴിക്ക് ചുറ്റും ബാരിക്കേഡുകളോ അപകടസൂചനാ ബോർഡുകളോ ഇല്ലായിരുന്നുവെന്നും ആരോപണം ഉയർന്നു. റോഡിൽ നിന്ന് വെറും 10 അടി മാത്രം അകലെയായിരുന്നു ഈ അപകടക്കുഴി. ഈ മാസം ആദ്യം ഇതേ സ്ഥലത്ത് ട്രക്ക് ഡ്രൈവർ ഗുർവീന്ദർ സിംഗിന്റെ വാഹനവും അപകടത്തിൽപ്പെട്ടിരുന്നുവെങ്കിലും അന്ന് അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

യുവരാജിന്റെ പിതാവിന്റെ പരാതിയിൽ വിഷ്ടൗൺ പ്ലാനേഴ്‌സ്, ലോട്ടസ് ഗ്രീൻസ് എന്നീ കമ്പനികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിന് നോയിഡ അതോറിറ്റിയിലെ ഒരു ജൂനിയർ എൻജിനീയറെ പിരിച്ചുവിടുകയും മറ്റ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.