kerala

ക്ഷേത്രത്തിലെ ജീവനക്കാരെന്റെ തലയില്‍ ആസിഡൊഴിച്ച സംഭവം; രണ്ട് പൂജാരിമാര്‍ അറസ്റ്റില്‍

By webdesk18

March 17, 2025

ഹൈദരാബാദിലെ സെയ്ദാബാദ് ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ അക്കൗണ്ടന്റിനു നേരെ ആസിഡ് ആക്രമണം നടത്തിയ കേസില്‍ രണ്ട് പൂജാരിമാര്‍ അറസ്റ്റില്‍. മാര്‍ച്ച് 14നാണ് വഴിപാട് കൗണ്ടറിലുണ്ടായിരുന്ന അക്കൗണ്ടന്റിനു നേരെ ആക്രമണം ഉണ്ടായത്. സൈദാബാദ് സ്വദേശി അരിപിരള രാജശേഖര്‍ ശര്‍മ (41), സദാശിവ്പേട്ട സ്വദേശി റായ്‌കോട് ഹരിപുത്ര (31) എന്നിവരെയാണ് സൈദാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ അക്കൗണ്ടന്റായ ചിന്തല നര്‍സിങ് റാവു (60) ആണ് ആക്രമണത്തിന് ഇരയായത്. കസേരയില്‍ ഇരിക്കുകയായിരുന്ന നര്‍സിങ് റാവുവിന്റെ അടുത്തേക്ക് മുഖം മറച്ച് നടന്നെത്തിയ അക്രമി, ‘ഹാപ്പി ഹോളി’ എന്നുപറഞ്ഞ് തലയില്‍ ആസിഡ് ഒഴിച്ചു, തുടര്‍ന്ന് പ്രതി ബൈക്കില്‍ കയറി രക്ഷപെടുകയും ചെയ്തു.

ആക്രമണത്തില്‍ ഇയാളുടെ തലയോട്ടി, മുഖം, കണ്ണുകള്‍, കഴുത്ത് എന്നിവിടങ്ങളില്‍ പൊള്ളലേറ്റതായും തലയോട്ടിയില്‍ നിന്ന് പുക ഉയരാനും തുടങ്ങിയതായും സൗത്ത്-ഈസ്റ്റ് സോണ്‍ ഡിസിപി പാട്ടീല്‍ കാന്തിലാല്‍ സുഭാഷ് പറഞ്ഞു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്നവരാണ് റാവുവിനെ മലക്‌പേട്ടിലെ യശോദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് റാവു കൊലപാതക ശ്രമത്തിന് പരാതി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തില്‍ ഷെയ്ക്ക്‌പേട്ടിലെ വസതിയില്‍ നിന്നാണ് പ്രതിയായ റായ്‌കോട് ഹരിപുത്ര പൂജാരിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍, ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ പൂജാരിയായ അരിപിരള രാജശേഖര്‍ ശര്‍മയുടെ നിര്‍ദേശപ്രകാരമാണ് കുറ്റകൃത്യം ചെയ്തതെന്ന് ഇയാള്‍ സമ്മതിച്ചു.

അരിപിരള രാജശേഖര്‍ ശര്‍മയ്ക്ക് അക്കൗണ്ടന്റിനോടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് 2,000 രൂപയാണ് ഹരിപുത്രക്ക് ഇയാള്‍ പ്രതിഫലം നിശ്ചയിച്ചത്. 1,000 രൂപ മുന്‍കൂര്‍ നല്‍കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.