india

യുപിയില്‍ മുസ്‌ലിം യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവം; പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം

By webdesk18

May 29, 2025

യുപിയിലെ അലിഗഡില്‍ കഴിഞ്ഞ ദിവസം ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം. സംഭവത്തില്‍ നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

‘മാംസത്തിന്റെ സാമ്പിളുകള്‍ മഥുരയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനയില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, മാംസം പശുവിന്റേത് അല്ലെന്ന് കണ്ടെത്തി. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്,’- അത്രൗലിയിലെ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) സര്‍ജന സിംഗ് വ്യക്തമാക്കി.

യുവാക്കളുടെ പക്കലുണ്ടായിരുന്നത് പോത്തിറച്ചിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. അലിഗഡിലെ അല്‍ഹദാദ്പൂര്‍ ഗ്രാമത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. അകീല്‍ (43), അര്‍ബാജ് (38), അകീല്‍ (35), നദീം (32) എന്നിവരെ മരക്കഷ്ണങ്ങളും ഇരുമ്പ് വടിയും ഉപയോഗിച്ച് ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദിച്ച് അവശരാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

അക്രമി സംഘം, യുവാക്കളുടെ ഫോണുകളും പണവും മോഷ്ടിച്ചെന്നും പരാതിയുണ്ട്. ആക്രമണത്തിന് ഇരയായ അകീലിന്റെ പിതാവ് സലിം ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കേസില്‍ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയും അല്ലാത്ത 25 പേര്‍ക്കെതിരെയുമാണ് കേസ്. നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഗുപ്ത (50), ഭാനു പ്രതാപ് (28), ലവ് കുഷ് (27), വിജയ് ബജ്രംഗി (23) എന്നിവരാണ് അറസ്റ്റിലായത്.