kerala

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; രണ്ട് ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി

By webdesk17

October 20, 2025

കോഴിക്കോട്: പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം പിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ രണ്ട് ഡിവൈഎസ്പിമാരെ സ്ഥലംമാറ്റി. വടകര,പേരാമ്പ്ര ഡിവൈഎസ്പിമാരെയാണ് സ്ഥലം മാറ്റിയത്.

പേരാമ്പ്ര ഡിവൈഎസ്പി എന്‍.സുനില്‍ കുമാറിനെ കോഴിക്കോട് സിറ്റി ക്രൈം ബ്രാഞ്ച് എസിപിയായും വടകര ഡിവൈഎസ്പി എന്‍. ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപിയായുമാണ് മാറ്റിയത്.

പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം പി നേരത്തെ പരാതി നല്‍കിയിരുന്നു. പൊലീസ് മര്‍ദിച്ചെന്ന് റൂറല്‍ എസ് പി പരസ്യമായി സമ്മതിച്ച സാഹചര്യത്തില്‍ പൊലീസുകാര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. സ്പീക്കര്‍ക്കും പ്രിവിലേജ് കമ്മിറ്റിക്കുമാണ് ഷാഫി പരാതി നല്‍കിയത്.

പേരാമ്പ്ര സികെജി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ യുഡിഎഫും എല്‍ഡിഎഫും നടത്തിയ റാലിയിലിലാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെ പൊലീസ് ലാത്തി ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. തുടര്‍ന്നായിരുന്നു ലാത്തി കൊണ്ടുള്ള അടിയില്‍ ഷാഫി പറമ്പില്‍ എംപിക്കടക്കം പരിക്കേറ്റത്.