News

അമ്മയെ മകന്‍ രഹസ്യമായി കുഴിച്ചുമൂടിയ സംഭവം; സ്വാഭാവിക മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

By Manya

February 26, 2026

ആലപ്പുഴ: തുറവൂരില്‍ വീട്ടുവളപ്പില്‍ അമ്മയെ രഹസ്യമായി കുഴിച്ചുമൂടിയെന്ന സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. മരിച്ച രാധയുടെ മരണകാരണം സ്വാഭാവികമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശരീരത്തില്‍ ആന്തരിക രക്തസ്രാവമോ പുറംമുറിവുകളോ കണ്ടെത്താനായില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ രാധയെ മരിച്ച നിലയില്‍ കണ്ട മകന്‍ ഗിരീഷ്, ആരെയും അറിയിക്കാതെ അടുക്കളയോട് ചേര്‍ന്ന ഭാഗത്ത് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. ഈ നടപടിയാണ് നാട്ടുകാരിലും ബന്ധുക്കളിലും സംശയം ഉയരാന്‍ ഇടയായത്. തുടര്‍ന്ന് പൊലീസ് മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടത്തിന് അയയ്ക്കുകയായിരുന്നു.

റിപ്പോര്‍ട്ടില്‍ അസ്വാഭാവിക മരണത്തിന്റെ സൂചനകളൊന്നും കണ്ടെത്താനായിട്ടില്ലാത്തതിനാല്‍ പൊലീസ് കസ്റ്റഡിയിലുള്ള ഗിരീഷിനെ വിട്ടയക്കുമെന്നാണു സൂചന. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതല്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതായും അറിയിച്ചു.