india

ഭാര്യയുടെ ആത്മഹത്യ പകർത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

By sreenitha

January 16, 2026

സൂറത്തിൽ തർക്കത്തെ തുടർന്ന് 31 വയസുള്ള യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ, അത് മൊബൈൽ ഫോണിൽ പകർത്തിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം ആത്മഹത്യയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിലാണ് 33 കാരനായ രഞ്ജിത് സാഹയെ അറസ്റ്റ് ചെയ്തത്. പ്രതിമാദേവി എന്ന യുവതിയാണ് മരിച്ചത്.

ജനുവരി 14ന് ഇച്ചാപൂർ പൊലീസ് രഞ്ജിത് സാഹയ്‌ക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 85, 108 (ആത്മഹത്യ പ്രേരണ) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ജനുവരി 4ന് യുവതി സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജനുവരി 11ന് മരണം സംഭവിച്ചു.

യുവതിയുടെ മരണത്തിൽ ഭർത്താവിന് പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് സഹോദരൻ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ, യുവതി തീകൊളുത്തുന്ന ദൃശ്യങ്ങൾ രഞ്ജിത് സാഹയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം സംഭവങ്ങൾ റെക്കോർഡ് ചെയ്യുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

ബീഹാർ സ്വദേശികളായ ദമ്പതികൾ തമ്മിൽ കുട്ടികളുമായി ബന്ധപ്പെട്ട ചെറിയ തർക്കമാണ് വഴക്കിലേക്ക് നയിച്ചതെന്നും, വഴക്കിനിടെ ഭർത്താവ് യുവതിയോട് എണ്ണ ഒഴിച്ച് തീകൊളുത്താൻ പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന ഡീസൽ ശരീരത്തിൽ ഒഴിച്ച് യുവതി തീകൊളുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

ഗാരേജിൽ ജോലി ചെയ്യുന്ന രഞ്ജിത് സാഹ, തറ വൃത്തിയാക്കുന്നതിനായി ഫിനൈലിൽ കലർത്താൻ കൊണ്ടുവന്ന എണ്ണ വീട്ടിൽ സൂക്ഷിച്ചിരുന്നതായും, തന്റെ നിരപരാധിത്വം തെളിയിക്കാനാണ് സംഭവം പകർത്തിയതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

ബീഹാർ സ്വദേശികളായ രഞ്ജിത് സാഹയും പ്രതിമാദേവിയും പ്രണയത്തിലാവുകയും വീട്ടുകാരെ അറിയിക്കാതെ വിവാഹിതരാവുകയും ചെയ്തിരുന്നു. മൂന്ന് വർഷം മുമ്പാണ് അവർ രണ്ട് ആൺമക്കളും ഒരു മകളും ഉൾപ്പെടുന്ന കുടുംബത്തോടെ സൂറത്തിൽ താമസമാക്കിയത്.