News

ഇന്‍ഡിഗോ പ്രതിസന്ധി; വിശദീകരണങ്ങള്‍ തള്ളി പാര്‍ലമെന്ററി സമിതി

By webdesk17

December 18, 2025

ന്യൂഡല്‍ഹി: അടുത്തകാലത്ത് രാജ്യവ്യാപകമായി ഉണ്ടായ ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധിയില്‍ കമ്പനിയുടെ വിശദീകരണങ്ങളില്‍ പാര്‍ലമെന്ററി സമിതിക്ക് അതൃപ്തി. സാങ്കേതിക തകരാറുകളും പ്രതികൂല കാലാവസ്ഥയും മൂലമാണ് സര്‍വീസുകള്‍ തടസ്സപ്പെട്ടതെന്നായിരുന്നു ഇന്‍ഡിഗോയുടെ വിശദീകരണം. എന്നാല്‍ ഇത് പര്യാപ്തമല്ലെന്ന് വിലയിരുത്തിയ സമിതി ഇന്‍ഡിഗോ സിഇഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ വീണ്ടും ഹാജരാകാന്‍ വിളിച്ചുവരുത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

അതേസമയം ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധി മൂലം ദുരിതമനുഭവിച്ച യാത്രക്കാര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി സുപ്രീംകോടതി തള്ളി. ടിക്കറ്റ് നിരക്കിന്റെ നാലിരട്ടി തുക നഷ്ടപരിഹാരമായി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനും ഇന്‍ഡിഗോയ്ക്കും നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

സമാന വിഷയം ഇതിനകം കോടതിയുടെ പരിഗണനയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് ദേവേന്ദ്രകുമാര്‍ ഉപാധ്യായയും ജസ്റ്റിസ് തുഷാര്‍ റാവു ഗെഡെയും അടങ്ങിയ ബെഞ്ച് അതില്‍ കക്ഷിചേരണമെന്നാണ് ഹര്‍ജിക്കാരോട് നിര്‍ദേശിച്ചത്. നിരവധി ഹര്‍ജികള്‍ നല്‍കുന്നതിലൂടെ എന്താണ് പ്രയോജനമെന്നും കോടതി ചോദിച്ചു.