അബൂദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026ന്റെ മിനി താരലേലം ഇന്ന് അബൂദാബിയിലെ ഇത്തിഹാദ് അരീനയില്‍ നടക്കും. ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ലേലത്തിന്റെ അന്തിമപട്ടികയില്‍ 359 പേരാണുള്ളത്. അതില്‍ 246 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. ആകെ 77 താരങ്ങള്‍ക്കായി 10 ഫ്രാഞ്ചൈസികള്‍ രംഗത്തിറങ്ങും. 30 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയാണ് അടിസ്ഥാന വില. മാര്‍ച്ച് 21 മുതല്‍ മേയ് 31 വരെയാണ് 19ാം സീസണ്‍ മത്സരങ്ങള്‍.
അതേസമയം ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ടു കോടി പട്ടികയില്‍ 40 പേരുണുള്ളത്. അതില്‍ ബാറ്റിങ് ഓള്‍ റൗണ്ടര്‍ വെങ്കടേശ് അയ്യരും സ്പിന്നര്‍ രവി ബിഷ്‌ണോയിയും മാത്രമാണ് ഇന്ത്യക്കാര്‍. ലേലത്തില്‍ പങ്കെടുക്കുന്നവരില്‍ 113 പേര്‍ വിദേശികളാണ്.
അഫ്ഗാനിസ്താന്‍ (10), ആസ്ട്രേലിയ (21), ബംഗ്ലാദേശ് (7), ഇംഗ്ലണ്ട് (22), അയര്‍ലന്‍ഡ് (1), ന്യൂസിലന്‍ഡ് (16), ദക്ഷിണാഫ്രിക്ക (16), ശ്രീലങ്ക (12), വെസ്റ്റിന്‍ഡീസ് (9), മലേഷ്യ (1) എന്നിങ്ങനെയാണ് പ്രാതിനിധ്യം.
ലേല പട്ടികയില്‍ 12 മലയാളി താരങ്ങളുണ്ട്. കെ.എം ആസിഫ്, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇംറാന്‍, ഏദന്‍ ആപ്പിള്‍ ടോം, ചൈനാമെന്‍ വിഘ്നേഷ് പുത്തൂര്‍, ശ്രീഹരി നായര്‍, അബ്ദുല്‍ ബാസിത്, അഖില്‍ സ്‌കറിയ, മുഹമ്മദ് ഷറഫുദ്ദീന്‍, ജിക്കു ബ്രൈറ്റ്, എന്നിവരാണ് താരങ്ങള്‍.
താരങ്ങളെ നിലനിര്‍ത്തലും കൈമാറ്റവും കഴിഞ്ഞ് 10 ടീമുകള്‍ക്കും ലേലത്തില്‍ ചെലവഴിക്കാന്‍ ആകെ ബാക്കിയുള്ളത് 237.55 കോടി രൂപയാണ്.