india

പതിവു തെറ്റിച്ച് സുപ്രീംകോടതി ജഡ്ജിമാര്‍ കാന്റീനില്‍

By Test User

December 10, 2022

ന്യൂഡല്‍ഹി: രണ്ട് ജഡ്ജിമാര്‍ സുപ്രീംകോടതി കാന്റീനില്‍ അപ്രതീക്ഷിതമായി എത്തിയത് അഭിഭാഷകരെ അമ്പരപ്പിച്ചു. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, വിക്രം നാഥ് എന്നിവരാണ് അഭിഭാഷകര്‍ക്കൊപ്പം കാപ്പി കുടിക്കാന്‍ കാന്റീനിലെത്തിയത്.

മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജെയ്‌സിങ്, ആനന്ദ് ഗ്രോവര്‍ എന്നിവര്‍ക്കൊപ്പം സംസാരിക്കാനായി ഇതുവരും കാന്റീനില്‍ ഒരുപാട് സമയം ചെലവഴിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ഇത്തരത്തില്‍ അഭിഭാഷകരുമായി സംഭാഷണത്തിലേര്‍പ്പെടാറുണ്ട്. സാധാരണയായി ഉച്ചഭക്ഷണമടക്കം ജഡ്ജിമാരുടെ ചേംബറുകളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ ആ പതിവ് തെറ്റിച്ച് ജഡ്ജിമാര്‍ നേരിട്ട് കാന്റീനിലെത്തിയത് അപൂര്‍വ കാഴ്ചയാണെന്നാണ് കോടതി അധികൃതര്‍ പറയുന്നത്.