india

പാരലല്‍ വേള്‍ഡില്‍ പുതിയ കേരളം? വിവാദരംഗങ്ങളുമായി കേരള സ്റ്റോറി 2 ട്രെയിലര്‍, വ്യാപക വിമര്‍ശനം

By webdesk18

February 18, 2026

കനത്ത വിവാദത്തിന് ഇടയായ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ കേരള സ്റ്റോറി ബിയോണ്ട് ദ കേരള സ്റ്റോറിയുടെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ വീണ്ടും വ്യാപക വിമര്‍ശനം. ആദ്യഭാഗത്തിന് സമാനമായി വര്‍ഗീയത നിറഞ്ഞ ഡയലോഗുകളാലും രംഗങ്ങളാലും കുത്തിനിറച്ചാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഫെബ്രുവരി 27 നാണ് സിനിമയുടെ റിലീസ്. വിപുല്‍ അമൃത് ലാല്‍ ഷായും സണ്‍ഷൈന്‍ പിക്ചേഴ്സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. കാമാഖ്യ നാരായണ സിങ് ആണ് സിനിമയുടെ സംവിധാനം. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത് പുതുമുഖങ്ങളാണ്. മൂന്ന് പെണ്‍കുട്ടികളിലൂടെയാണ് ചിത്രം കഥ പറയുന്നത്. ‘ഇതൊരു കഥ മാത്രാമാണെന്ന് അവര്‍ പറഞ്ഞു. അവരതിനെ നിശബ്ദമാക്കാന്‍ ശ്രമിച്ചു. അവരതിനെ അവഹേളിക്കാന്‍ ശ്രമിച്ചു. പക്ഷെ സത്യം നിലയ്ക്കുന്നില്ല. കാരണം ചില കഥകള്‍ അവസാനിക്കുന്നില്ല. ഇത്തവണ കൂടുതല്‍ ആഴത്തിലേക്ക് പോകുന്നു. കൂടുതല്‍ വേദനിപ്പിക്കുന്നു’ എന്നാണ് ട്രെയിലര്‍ പങ്കുവച്ചു കൊണ്ട് നിര്‍മാതാക്കള്‍ കുറിച്ചത്.

അതേസമയം, ട്രെയിലറിനെതിരെ രൂക്ഷവിമര്‍ശനവുമായി മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. ‘ട്രെയിലര്‍ കണ്ടപ്പോള്‍ തോന്നി ഞാന്‍ ജീവിക്കുന്ന കേരളവും സിനിമയില്‍ കാണിക്കുന്ന കേരളവും ഭയങ്കരം വ്യത്യസ്ഥമാണെന്ന് ….. പാരലല്‍ വേള്‍ഡില്‍ വേറെ കേരളം ഉണ്ടെന്ന് തോന്നുന്നു’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ട്രെയിലറിലെ ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങള്‍ വലിയ വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്. വീണ്ടും ഒരു ദേശീയ അവാര്‍ഡ് കിട്ടാന്‍ സാധ്യതയുണ്ടെന്നായിരുന്നു മലയാളികള്‍ പരിഹസിച്ചത്. ‘വെറും ബീഫ് കൊടുത്താല്‍ എങ്ങനെയാ കഴിക്കുന്നത് രണ്ട് പൊറൊട്ടയും കുറച്ചോ ഉള്ളിയും കൊടുക്കണ്ടെ’ എന്നും ചോദിക്കുന്നു.

2023 മേയ് 5നാണ് കേരള സ്റ്റോറി തിയറ്ററുകളിലെത്തിയത്. സുദിപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ നിര്‍മിച്ചത് വിപുല്‍ അമൃത്ലാല്‍ ഷായാണ്.കേരളത്തില്‍നിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. വിവാദങ്ങള്‍ക്ക് പിന്നാലെ യൂട്യൂബ് വിവരണത്തില്‍ മാറ്റം വരുത്തി മൂന്നു പെണ്‍കുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.