editorial

കാലുമാറ്റങ്ങളുടെ രാജാവ്

By webdesk17

November 16, 2025

അധികാരം നിലനിര്‍ത്താനായി എന്ത് അടവും പ്രയോഗിക്കുന്ന രണ്ട് പേരുടെ വിജയമാണ് ബിഹാറില്‍ കണ്ടത്. നിതീഷ് കുമാറെന്ന കപട സോഷ്യലിസ്റ്റിന്റേയും വോട്ട് കൊള്ളയുടെ മൊത്തക്കച്ചവടക്കാരായ ബി.ജെ.പിയുടേയും. ഇതിന് എല്ലാ വഴിയും ഒരുക്കി നല്‍കിയത് എസ്.ഐ.ആറെന്ന ഓനപ്പേരില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായി മാറിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയ കെണിയും. ബിഹാറില്‍ ഇത്തവണ കണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ന ബി.ജെ.പി ബി ടീമിന്റെ വിധേയവും ഇതു വഴി നിതീഷ് കുമാറെന്ന ആയാറാം ഗയാറാം കളിക്കുന്ന ജെ.ഡിയുനേതാവിന്റെ വോട്ടിനായുള്ള കൈക്കൂലിയുമായിരുന്നു. എ സ്.ഐ.ആറിനെതിരെ രാഹുല്‍ ഗാന്ധി ബിഹാറില്‍ നടത്തിയ വോട്ടര്‍ അധികാര്‍ യാത്ര വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

എന്നാല്‍, അത് പ്രചാരണഘട്ടത്തില്‍ ഇന്ത്യ മുന്നണിക്ക് നിലനിര്‍ത്താനായില്ല. സ്വാഭാവികമായും അതൊരു മുഖ്യ തിരഞ്ഞെടുപ്പ് വിഷയ വുമായില്ല. തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നിതീഷ് കുമാര്‍ വനിതകള്‍ക്ക് 10,000 രൂപ നല്‍കിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കമീഷന്‍ കണക്കാക്കിയതുമില്ല. സംസ്ഥാനത്തെ സ്വയം സഹകരണ സംഘമായ ജീവിക ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കാണ് ഈ പണം പോയത് എ ന്നറിയണം. നിതീഷിന്റെ സ്വപ്ന പദ്ധതിയെന്ന നിലയില്‍ സ്വാഭാവികമായും ജീവിക ഗ്രൂപ്പിന്റെ വലിയ പിന്തുണ എന്‍.ഡി.എക്ക് ലഭിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നു. തിരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ക്കെതിരെ വാ തോരാതെ സംസാരിച്ചിരുന്ന മോദിയും നിതീഷും ഇത്തരം സൗജന്യങ്ങള്‍ വാരി വിതറി ഭരണവിരുദ്ധ വികാരം മറികടന്നു.

ബി.ജെ.പിക്കും നിതീഷിനും അധികാരം നിലനിര്‍ത്തേണ്ടത് ആവശ്യമായിരുന്നു. നിതീഷിനേക്കാളും ബിഹാറില്‍ എന്‍.ഡി.എ അധികാരം പിടിക്കല്‍ ബി.ജെ.പിയുടെ ആവശ്യമായിരുന്നു. ബിഹാറില്‍ എന്‍.ഡി.എ സഖ്യം തോറ്റ് നിതീഷ് പുറത്തായിരുന്നുവെങ്കില്‍ കേന്ദ്രത്തില്‍ ഭരണ മാറ്റം സ്വാഭാവികമായും സംഭവിക്കുമായിരുന്നു. അധികാരമില്ലാതെ നിതീഷ് കുമാറിന് നില്‍ക്കാനാവില്ല. കേന്ദ്ര ഭരണം മാറിയാല്‍ എല്ലാം തകിടം മറിയുമെന്ന് ബി.ജെ.പിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും മറ്റാരെക്കാളും നന്നായി അറിയാമായിരുന്നു. ഇതിന് പറ്റിയ രൂപത്തിലേക്ക് സംസ്ഥാനത്തെ മാറ്റാന്‍ കമ്മീഷന്‍ എസ്.ഐ.ആര്‍ എന്ന പേരില്‍ ആദ്യ ഏറ് എറിഞ്ഞു. എല്ലാവരും ഇതില്‍ വലഞ്ഞപ്പോള്‍ എസ്.ഐ.ആര്‍ വര്‍ഗീയമായി വിഭജിക്കാനുള്ള ഭംഗിയായ ടൂള്‍ ആക്കി ബി.ജെ.പി മാറ്റുകയും ചെയ്തു.

പ്രതിപക്ഷത്തിന്റെ പ്രധാന വോട്ട് ബാങ്കിലാണ് എസ്.ഐ.ആര്‍ വഴി കടക്കല്‍ കത്തിവെച്ചത്. സഖ്യങ്ങളെ എളുപ്പത്തില്‍ മാറ്റുകയും ഉപേ ക്ഷിക്കുകയും ചെയ്യുന്ന ശീലം കാരണം പള്‍ട്ടു റാം എന്ന വിളിപ്പേരുള്ള നേതാവാണ് നിതീഷ്. മറുകണ്ടം ചാടുകയെന്നത് നിതീഷിന് പുത്തരിയല്ല. 1994 ല്‍ ജനതാദളില്‍ നിന്ന് രാജിവെച്ച് ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം ചേര്‍ന്ന് സമതാ പാര്‍ട്ടി രൂപവത്കരിച്ചു. 1996 ല്‍ ബി.ജെ.പിയുമായി കൂട്ടുകൂടി വാജ്‌പേയ് സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായി. 2000 ല്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുകയും 2003ല്‍ ജനതാ ദള്‍(യു)വുമായി നിതീഷ് തന്റെ പാര്‍ട്ടിയെ ലയിപ്പിക്കുകയും ചെയ്തു. 2005 ല്‍ ബിജെപിയുമായി കൈകോര്‍ത്ത് ബിഹാര്‍ മുഖ്യമന്ത്രിയായി. 2010 ല്‍ നിതീഷ് തന്നെ മുഖ്യമന്ത്രി. അ ക്കാലത്ത് മോദിയുടെ കടുത്ത വിമര്‍ശകനായിരുന്നു. നരേന്ദ്ര മോദിയുടെ വരവോടുകൂടി അദ്ദേഹം ബി.ജെ.പിയുമായി അകന്നു). അതോടെ 17 വര്‍ഷത്തെ ജെഡിയു)-ബിജെപിസഖ്യം അവസാനിപ്പിച്ച് 2013 ല്‍ നിതീഷ് മുന്നണി വിട്ടു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോദിയുടെ പേര് പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം. എന്നാല്‍ 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് 2009 ലെ 18 സീറ്റുകളുടെ സ്ഥാനത്ത് രണ്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത്.

പാര്‍ട്ടിയുടെ തകര്‍ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. ഒരി ക്കല്‍ തന്റെ ബദ്ധവൈരിയായിരുന്ന ലാലു പ്രസാദ് യാദവി ന്റെ ആര്‍.ജെ.ഡിയുടെ പിന്തുണയോടെയാണ് അദ്ദേഹം അന്ന് വിശ്വാസ വോട്ടെടുപ്പിനെ അതിജീവിച്ചത്. 2015 ല്‍ മഹാ സഖ്യം നിതീഷ് രൂപവത്കരിച്ചു. കടുത്ത എതിരാളിയായ ലാലുവിന്റെ ആര്‍.ജെ.ഡിയുമായി കൈകോര്‍ത്തു. നിയമ സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെയും ഒന്നിച്ചുചേര്‍ത്തുകൊണ്ട് സഖ്യം ബിഹാറില്‍ വെന്നിക്കൊടി പാറിച്ചു മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. നോട്ട് നിരോധനത്തിലും ജി.എസ്.ടിയിലും നിതീഷ് കുമാര്‍ ബി.ജെ.പിയെ പരസ്യമായി പിന്തുണച്ചത് സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തി. സി.ബി.ഐ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും എതിരെ അഴിമതിക്കേസില്‍ കുറ്റം ചുമത്തിയതിന് പിന്നാലെ തന്റെ ‘ക്ലീന്‍’ ഇമേജിനെക്കുറിച്ച് ആശങ്കാകുലനായ അദ്ദേഹം 2017 ല്‍ വീണ്ടും മുഖ്യ മന്ത്രി സ്ഥാനം രാജിവെച്ചു. ഉടനടി പ്രതിപക്ഷത്തുള്ള ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കി 2017 ല്‍ വീണ്ടും മുഖ്യ മന്ത്രിയായി.

2020 ല്‍ ബി.ജെ.പിക്കൊപ്പം തന്നെ തുടര്‍ന്നെ ങ്കിലും 2022 ല്‍ സഖ്യം തകര്‍ന്നു. പാര്‍ട്ടിയെ പിളര്‍ത്താനും തന്നെ തളര്‍ത്താനും ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു ആരോപണം. വീണ്ടും മഹാസഖ്യത്തിന്റെ ഭാഗമായി. ആര്‍ജെഡിയുടെ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി. സര്‍ക്കാരിന്റെ കാലാവധിതീരാന്‍ ഒന്നര വര്‍ഷം മാത്രം ബാക്കി നില്‍ക്കെ 2024 ല്‍ മഹാസഖ്യം വിട്ട് വീണ്ടും നിതീഷ് എന്‍.ഡി.എയിലേക്ക് ചേക്കേറി. ചാട്ടവും കരണം മറിച്ചിലും നന്നായി അറിയുന്ന നിതീഷ് അധികാരം നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകുമെന്നതാണ് ഇതുവരെയുള്ള ചരിത്രം അതിനാല്‍ തന്നെ ബിഹാറിലെ എന്‍.ഡി.എ സഖ്യം കൊട്ടിഘോഷിച്ച് ആഘോഷിക്കുമ്പോഴും എത്രനാള്‍ നിതീഷ് ഇതില്‍ തുടരുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.