crime

പണമടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ വീട്ടുകാര്‍ കമ്പിവടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു

By webdesk13

August 06, 2023

പണമടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ വീട്ടുകാര്‍ കമ്പിവടി കൊണ്ട് അടിച്ചു. തലയാഴം ഇലകട്രിക്കല്‍ സെക്ഷന്‍ ഓഫിസിലെ ലൈന്‍മാന്‍ മുണ്ടാര്‍ പാലിയംകുന്നില്‍ ഹരീഷിനാണ് ക്രൂരമര്‍ദനമേറ്റത്. പരിക്കേറ്റ ഹരീഷിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വൈക്കം വെച്ചൂര്‍ മുച്ചൂര്‍ക്കാവ് അനുഷ ഭവനില്‍ സന്തോഷിന്റെ വീട്ടിലാണ് വൈദ്യുതി ബില്‍ കുടിശികയായത്. ഇതേതുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മീറ്റില്‍ നിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ ലൈന്‍മാനായ ഹരീഷ് എത്തിയപ്പോഴാണ് വീട്ടുകാര്‍ തന്നെ വൈദ്യുതി പുനഃസ്ഥാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്.

വൈദ്യുതി പുനഃസ്ഥാപിച്ചത് സംബന്ധിച്ച് സംസാരിക്കുമ്പോഴാണ് സന്തോഷും മകനും ഹരീഷിനെ അസഭ്യം പറയുകയും കമ്പിവടി കൊണ്ട് മര്‍ദിക്കുകയും ചെയ്തത്. മര്‍ദിച്ച വിവരം ഓഫിസില്‍ അറിയിക്കാന്‍ ശ്രമിക്കുന്നതിനെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്തു.

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട തലയാഴത്തെ ഓഫിസിലെത്തിയാണ് ഹരീഷ് വിവരം സഹപ്രവര്‍ത്തകരെ അറിയിച്ചത്. ഇവരാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റ സന്തോഷ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കെ.എസ്.ഇ.ബി തൊഴിലാളി സംഘടനകള്‍ പ്രതിഷേധിച്ചു.