crime

ചാണകം ശേഖരിക്കാനെത്തിയ വീട്ടിലെ സ്ത്രീയെ ബോധംകെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു; പ്രതി പിടിയില്‍

By webdesk13

October 18, 2023

ആലപ്പുഴയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ ആക്രമിച്ച് ബോധംകെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പ്രതി പിടിയില്‍. തൈക്കാട്ടുശേരിയില്‍ മനോജിനെയാണ് പൂച്ചാക്കല്‍ പൊലീസ് മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തത്. പാണാവള്ളി വെളിപ്പറമ്പില്‍ പുരുഷന്റെ വീട്ടില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പുരുഷന്റെ ഭാര്യ ഓമനയെ ആക്രമിച്ചാണ് പ്രതി സ്വര്‍ണം കവര്‍ന്നത്.

പശുവിനെ വളര്‍ത്തുന്ന ഇവരുടെ വീട്ടില്‍ നിന്നും കഴിഞ്ഞ കുറച്ചു നാളുകളായി മനോജ് ചാണകം ശേഖരിക്കാനെത്തിയിരുന്നു. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നോക്കി എത്തിയ മനോജ് വീട്ടിനുള്ളില്‍ കടന്ന് ഓമനയുടെ മുഖത്ത് അമര്‍ത്തി ബോധം കെടുത്തിയാണ് ഒന്നര പവന്‍ തൂക്കം വരുന്ന 2 വളകളും രണ്ട് പവന്റെ മാലയും കവര്‍ന്നത്.

ബലപ്രയോഗത്തിനിടെ അബോധാവസ്ഥയിലായ ഓമന ഏറെ നേരം കഴിഞ്ഞ് നിരങ്ങി വീടിന് പുറത്തെത്തി അയല്‍വാസികളോട് സംഭവം പറഞ്ഞു. തുടര്‍ന്ന് പൂച്ചാക്കല്‍ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പരിക്കേറ്റ ഓമനയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംശയത്തെ തുടര്‍ന്ന് മനോജിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ ആശുപതിയിലേക്ക് കൊണ്ടുപോയി ഓമനയെ നേരില്‍ കാണിച്ച് പ്രതിയെ സ്ഥിരീകരിച്ചു.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സാമ്പത്തിക ബാധ്യത പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇയാളുടെ വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്നും മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു.