editorial

നൂറ്റാണ്ടിന്റെ നറുവെളിച്ചം

By Akhila

February 09, 2026

കേരളീയ സമൂഹത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ അറിവിന്റെ കെടാവിളക്കായി തെളിഞ്ഞുനില്‍ക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ്. കേവലമൊരു പണ്ഡിത സഭ എന്നതിലുപരി, ഒരൊറ്റ മനസ്സായി ഒരു വലിയ സമുദായത്തെ വാത്സല്യത്തോടും കരുതലോടെയും ചേര്‍ത്തുപിടിച്ച തണല്‍വൃക്ഷമായി സമസ്ത ഇന്ന് പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു. വിശ്വാസത്തെയും വിജ്ഞാനത്തെയും വിവേകത്തോടെ സമന്വയിപ്പിച്ചാണ് സമസ്ത നൂറു വര്‍ഷം പിന്നിടുന്നത്. കാസര്‍കോട് കുണിയയുടെ മണ്ണില്‍ ജനലക്ഷങ്ങളെ സാക്ഷിയാക്കി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത ശതാബ്ദി സമ്മേളനം കേരളീയ ചരിത്രത്തിലെ പുതിയൊരു അധ്യായമായി മാറുകയായിരുന്നു.ആത്മീയമായൊരു പുനര്‍ജന്മത്തിന്റെ വിളംബരമായിരുന്നു കുണിയയിലെ ഓരോ നിമിഷവും. ആത്മാവില്‍ പെയ്തിറങ്ങിയ അനുരാഗത്തിന്റെ മഴവില്ലായി ആ മഹാസംഗമം ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ കുളിര്‍മയേകി.

1921ന്റെ കനല്‍വഴികളില്‍, പകച്ചുനിന്ന ഒരു ജനതയ്ക്ക് വഴികാട്ടിയാകാന്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ എന്ന മഹാമനീഷി പാകിയ വിത്ത് ഇന്ന് ആത്മീയതയുടെയും അറിവിന്റെയും ആകാശമായി വികസിച്ചിരിക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണതയില്‍ രാജ്യത്തിനൊപ്പം തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുമ്പോഴും, സ്വത്വബോധത്തിന്റെ കടുക് മണിത്തൂക്കം വിട്ടുവീഴ്ച ചെയ്യാതെ കാത്തുസൂക്ഷിച്ച ചരിത്രമാണ് സമസ്തയുടേത്. ആദര്‍ശത്തിന്റെ അടിത്തറയില്‍ സമുദായത്തെ ഉറപ്പിച്ചുനിര്‍ത്താന്‍ ഈ പണ്ഡിതസഭ കാണിച്ച നിശ്ചയദാര്‍ഢ്യം സമാനതകളില്ലാത്തതാണ്. അടിയുറച്ച ഭയഭക്തിയും വൈജ്ഞാനിക മണ്ഡലങ്ങളിലെ അവഗാഹവും സമന്വയിപ്പിച്ച പണ്ഡിത തേജസ്സുകളായിരുന്നു എന്നും സമസ്തയുടെ കരുത്തും കാവലും. കാലം ഉയര്‍ത്തിയ വെല്ലുവിളികളെ അവര്‍ നേരിട്ടത് ആയുധം കൊണ്ടല്ല, മറിച്ച് അറിവിന്റെ ആര്‍ജവം കൊണ്ടായിരുന്നു. വിശ്വാസസംഹിതകള്‍ക്ക് നേരെയും രാജ്യത്തിനെതിരെയും ഉയര്‍ന്ന ബൗദ്ധികവും ആശയപരവുമായ കടന്നാക്രമണങ്ങളെ തങ്ങളുടെ വൈജ്ഞാനിക പ്രതിഭ കൊണ്ട് അവര്‍ പ്രതിരോധിച്ചു.

അറിവിനെ സാമൂഹിക പരിഷ്‌കരണത്തിനുള്ള ഊര്‍ജ്ജമാക്കി മാറ്റിയതാണ് സമസ്തയെ വേറിട്ടുനിര്‍ത്തുന്നത്. വൈജ്ഞാനിക ലോകത്തെ ഈ അക്ഷരക്കരുത്ത് തന്നെയാണ് ഒരു നൂറ്റാണ്ടിനു ശേഷവും ആ പ്രസ്ഥാനത്തെ ഇത്രമേല്‍ പ്രസക്തമാക്കുന്നത്. കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാരും ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരും സമുദായത്തിന്റെ ദിശാസൂചികളായി ജ്വലിച്ചുനിന്ന കാലം സമസ്തയുടെ ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമാണ്. വിജ്ഞാനത്തിന്റെ ആഴവും പരപ്പും ഒത്തുചേര്‍ന്ന അറിവിന്റെ മഹാസമുദ്രമായിരുന്നു ശംസുല്‍ ഉലമയെങ്കില്‍, ആത്മീയതയുടെ ഗിരിശൃംഗമായിരുന്നു കണ്ണിയത്ത് ഉസ്താദ്. പാണ്ഡിത്യവും ലാളിത്യവും കൈകോര്‍ത്ത ആ യുഗപ്രഭാവര്‍ക്കൊപ്പം, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്‌നേഹമസൃണമായ സാന്ത്വനസ്പര്‍ശം കൂടിയായപ്പോള്‍ കേരളീയ സമൂഹത്തിന് അത് പകരംവെക്കാനില്ലാത്ത സുരക്ഷിത താവളമായി മാറി.

സമുദായത്തിന്റെ ആത്മീയവും സാമൂഹികവുമായ ഭദ്രത ഉറപ്പാക്കുന്നതില്‍ സമസ്തയുടെ നേതാക്കള്‍ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. രാഷ്ട്രീയവും സാമൂഹികവുമായ ഭിന്നതകള്‍ക്കുമപ്പുറം, തര്‍ക്കങ്ങള്‍ക്കും ആശങ്കകള്‍ക്കും പരിഹാരം തേടുന്ന അത്താണിയാണ് എക്കാലവും സമസ്ത നേതൃത്വം. ആ തണല്‍മരത്തിന് കീഴില്‍ ഭിന്നസ്വരങ്ങള്‍ ഐക്യത്തിന്റെ രാഗമായി മാറി. പ്രതിസന്ധികളുടെ വേലിയേറ്റങ്ങളില്‍ സമുദായം ഉലയാതെ നിന്നത് ഈ പണ്ഡിതതേജസ്സുകളുടെ കാവലിലായിരുന്നു. ജാതിമത ഭേദമന്യേ സര്‍വ്വാദരവ് പിടിച്ചുപറ്റിയ ആ നേതൃപാഠവം, കേരളത്തിന്റെ മതസൗഹാര്‍ദ്ദ പാരമ്പര്യത്തിന് നല്‍കിയ കരുത്ത് ഇന്നും ചരിത്രത്തില്‍ മായാതെ നില്‍ക്കുന്നു. ശരീഅത്ത് വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടപ്പോഴും മുത്വലാഖ് ചര്‍ച്ചകള്‍ ചൂടുപിടിച്ചപ്പോഴും ഏക സിവില്‍ കോഡിനായുള്ള മുറവിളികള്‍ ഉയര്‍ന്നപ്പോഴും സമുദായത്തിന് ആത്മധൈര്യത്തിന്റെ കവചമൊരുക്കാന്‍ സമസ്തയെന്ന പണ്ഡിതസഭയ്ക്ക് സാധിച്ചു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കറുത്ത ദിനങ്ങളില്‍, വികാരങ്ങള്‍ വിവേകത്തിന് വഴിമാറണമെന്ന് ഉദ്‌ബോധിപ്പിച്ച് രാജ്യത്തെ ആത്മസംയമനത്തിന്റെ പാതയില്‍ ഉറപ്പിച്ചുനിര്‍ത്തിയതില്‍ സമസ്തയുടെ പങ്ക് ചരിത്രപരമായ ദൗത്യമായിരുന്നു.

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ക്കുനേരെ കടന്നാക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ മൗനമായിരിക്കുകയല്ല, മറിച്ച് പ്രതിരോധത്തിന്റെ ശബ്ദമാവുകയാണ് സമസ്ത ചെയ്യുന്നത്. പൗരത്വ നിയമഭേദഗതി പോലുള്ള വെല്ലുവിളികള്‍ രാജ്യത്തിന്റെ മതേതര മനസ്സാക്ഷിയെ ഉലയ്ക്കുമ്പോള്‍, ഭരണഘടനാപരമായ അവകാശങ്ങള്‍ക്കായി മുന്നില്‍നിന്ന് പോരാടാന്‍ ഈ പ്രസ്ഥാനം കരുത്തുകാട്ടുന്നു. ആരംഭകാലത്ത് നേരിട്ടതിനേക്കാള്‍ സങ്കീര്‍ണ്ണവും ബഹുതലങ്ങളുള്ളതുമായ പുതിയ കാലത്തെ വെല്ലുവിളികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മാറുന്ന രാഷ്ട്രീയ കാലാവസ്ഥയിലും വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രങ്ങള്‍ വേരുപിടിക്കുമ്പോഴും, ജനാധിപത്യവഴിയില്‍ നിന്നുകൊണ്ട് സമുദായത്തെയും രാജ്യത്തെയും ചേര്‍ത്തുപിടിക്കുകയാണ് സമസ്ത. വിവേചനത്തിന്റെ മതിലുകള്‍ക്കെതിരെ അറിവിന്റെയും ഐക്യത്തിന്റെയും പ്രതിരോധം തീര്‍ക്കുന്ന ഈ പണ്ഡിതസഭ, പുതിയ കാലത്തെ പോരാട്ടവീര്യത്തിന്റെ കൂടി അടയാളമാണ്.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അടയാളപ്പെടുത്തിയ വിജ്ഞാന വിപ്ലവം വിസ്മരിക്കാനാവില്ല. നൂറ്റാണ്ടിന്റെ പ്രയാണത്തില്‍ ലോകത്തിന് സമസ്ത നല്‍കിയ ഏറ്റവും വലിയ മാതൃക സമാനതകളില്ലാത്ത മദ്രസാ സംവിധാനമാണ്. കേവലമൊരു പാഠശാല എന്നതിനപ്പുറം, വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ രീതിയില്‍ മതവിദ്യാഭ്യാസത്തെ പുനര്‍നിര്‍മ്മിച്ചതാണ് സമസ്തയുടെ വിജയം. കേരളത്തിന്റെ ഓരോ ഗ്രാമത്തിലും അറിവിന്റെ വെളിച്ചമെത്തിക്കുന്നതില്‍ ഈ പ്രസ്ഥാനം വഹിച്ച പങ്ക് നിസ്തുലമാണ്. ഇസ്‌ലാമിക ബാലപാഠങ്ങള്‍ മുതല്‍ ഉന്നത വിജ്ഞാനീയങ്ങള്‍ വരെ പകര്‍ന്നുനല്‍കുന്ന വലിയൊരു ശൃംഖലയ്ക്കാണ് സമസ്ത രൂപംനല്‍കിയിരിക്കുന്നത്. ഒരു ജനതയുടെ സാംസ്‌കാരിക ബോധത്തെയാണ് അത് വാര്‍ത്തെടുത്തത്. പുതിയ കാലത്ത് സമസ്തയ്ക്ക് മുന്നിലുള്ളത് വെല്ലുവിളികളുടെ പ്രക്ഷുബ്ധമായ കടലുകളാണ്. പ്രതിസന്ധികളില്‍ ചാരിനില്‍ക്കാനുള്ള കേവലമൊരു ഊന്നുവടിയല്ല സമസ്ത; തളരുമ്പോള്‍ താങ്ങുന്ന ശിലാസ്തംഭവുമാണത്. വരുംകാലത്തും രാജ്യത്തിന് സമസ്തയെ ആവശ്യമുണ്ട്-ഒരു വഴികാട്ടിയായി, പ്രതീക്ഷയുടെ അഭയകേന്ദ്രമായി. കാലത്തിന്റെ കുത്തൊഴുക്കിലും ആദര്‍ശത്തിന്റെ നങ്കൂരമുറപ്പിച്ചു നില്‍ക്കുന്ന ആദര്‍ശദാര്‍ഢ്യമാണ് സമസ്തയുടെ മുഖമുദ്ര. അക്ഷരങ്ങളുടെയും ആത്മീയതയുടെയും ആഴക്കടലുകള്‍ നീന്തിക്കയറിയ ജൈത്രയാത്ര കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് ഇനിയും വഴികാട്ടിയാകട്ടെ.